എഴുകോൺ : വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എഴുകോൺ വില്ലേജ് ഓഫീസ് കുടിയിറക്ക് ഭീഷണിയിൽ. കെട്ടിട ഉടമയ്ക്ക് വാടക കൊടുക്കാത്തതാണ് കാരണം.
വാടക നൽകുന്നത് സംബന്ധിച്ച് റവന്യു അധികൃതർ പൊതുമരാമത്ത് വിഭാഗത്തിന് കത്ത് നൽകിയിട്ട് നാളുകളായി. ഒരു നടപടിയുമില്ല. അതോടെ വാടക കിട്ടാൻ നിയമ വഴി തേടാനുള്ള ഒരുക്കത്തിലാണ് കെട്ടിട ഉടമ.
മാർക്കറ്റിംഗ് കോംപ്ലക്സിൽ ഇടമുണ്ടോ
- സ്വന്തം കെട്ടിടം ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് 2022 ഡിസംബറിലാണ് വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറിയത്.
- സ്വന്തം കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിൽ
- മന്ത്രി കെ.എൻ. ബാലഗോപാൽ മുൻ കൈ എടുത്ത് നിർമ്മിക്കാൻ പോകുന്ന പഞ്ചായത്ത് മാർക്കറ്റിംഗ് കോംപ്ലക്സിൽ വില്ലേജ് ഓഫീസിന് കൂടി ഇടം ഉണ്ടെന്നാണ് ഇപ്പോഴുള്ള ധാരണ. ഗ്രാമ പഞ്ചായത്ത് ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. തീരദേശ വികസന അതോറിറ്റി രൂപ രേഖയും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും റവന്യൂ അധികൃതർക്ക് കിട്ടിയിട്ടില്ല.
- എഴുകോൺ മുക്കണ്ടത്തിലുള്ള 22 സെന്റ് റവന്യു ഭൂമി വില്ലേജ് ഓഫീസ് നിർമ്മാണത്തിന് അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.
വാടക കെട്ടിടത്തിൽ വീർപ്പ് മുട്ടി ജീവനക്കാർ
- നിലവിൽ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയാണ് ഓഫീസ് പ്രവർത്തനം.
- കെട്ടിടത്തിന്റെ ഒന്നാം നിലയിലായതിനാൽ വയോധികർക്കും മറ്റും വലിയ ബുദ്ധിമുട്ടാണ്.
- ആവശ്യത്തിന് ഐ.ടി ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.
- ആകെയുള്ളത് ഒരു ലാപ്ടോപ്പും ഭാഗികമായി പ്രവർത്തിക്കുന്ന ഒരു ഡെസ്ക്ടോപ്പും ഒരു പ്രിന്ററും.
- കറണ്ട് പോയാൽ പരസ്പരം കാണാനാകാത്ത ഇരുട്ടും.
- അടിക്കടി ജീവനക്കാർ മാറുന്ന ദു:സ്ഥിതി.രണ്ടര വർഷത്തിനിടയിൽ എട്ട് ഓഫീസർമാരാണ് ഇവിടെ മാറിയെത്തിയത്.
- മാറി എത്തുന്നവർ ഓഫീസിന്റെ ദുരവസ്ഥ കണ്ട് ജീവനും കൊണ്ടോടുന്നു.