sudhher
സുധീർ

കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ഇടവ വെൺകുളം വടക്കേ പുളി നിന്നതിൽ സിദ്ദിഖ് മൻസിലിൽ സുധീർ (39), ഇടവ ലക്ഷംവീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന റാഷിദ് (33) എന്നിവരെയാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം. പരവൂർ തെക്കുംഭാഗം കരിക്കായൽ പുത്തൻവീട്ടിൽ സിദ്ധിഖിനെ (29) മർദ്ദിച്ച കേസിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത്: മർദ്ദനമേറ്റ സിദ്ധിഖും പിടിയിലായ സുധീറും സുഹൃത്തുക്കളാണ്. ഇരുവരും വാടി ഹാർബറിൽവച്ച് മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് പിരിഞ്ഞുപോയ സുധീർ രാത്രിയോടെ കൂട്ടുകാരുമായി കാറിൽ വാടിയിലെത്തുകയും ഹാർബറിലെ വലകൾ സൂക്ഷിക്കുന്ന മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിദ്ധിഖിനെ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. ഇടവഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ സിദ്ധിഖിനെ അഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സിദ്ധിഖിന്റെ പക്കലുണ്ടായിരുന്ന മൊബൈൽഫോൺ, പണം, കാതിൽ ഇട്ടിരുന്ന കടുക്കൻ എന്നിവ എടുത്ത ശേഷം കാപ്പിൽ ബീച്ചിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ സിദ്ധിഖ് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകി.

കൊല്ലം എ.സി.പി ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി അടക്കം രണ്ട് പേരെ പിടികൂടി.

മറ്റ് മൂന്ന് പേർ ഒളിവിലാണ്. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരികുമാർ, സി.കൃഷ്ണകുമാർ, എം.രാജീവ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ സുനിൽ ലാസർ, തോമസ്, സാജൻ ജേക്കബ്, മനോജ്, ശ്രീകുമാർ, ശിഖിൽ രാജ്, അഭിലാഷ്, നിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.