acci

കൊല്ലം: ഫയർഫോഴ്സ് കായിക ക്ഷമത പരീക്ഷയുടെ ഭാഗമായുള്ള റോപ്പ് ക്ലൈംബിംഗിനിടെ വടത്തിൽ നിന്ന് വീണ് ഉദ്യോഗാർത്ഥിയുടെ കൈ ഒടിഞ്ഞു. വടത്തിന് താഴെ കനമുള്ള ബെഡ് വിരിക്കാഞ്ഞതാണ് ഗുരുതര പരിക്കേൽക്കാൻ കാരണം.

ഇന്നലെ രാവിലെ 9.30 ഓടെ കൊല്ലം എസ്.എൻ കോളേജ് ഗ്രൗണ്ടിലായിരുന്നു അപകടം. ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ നിന്നാണ് ഉദ്യോഗാർത്ഥി വീണത്. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ട്രെയിനി, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർ ട്രെയിനി തസ്തികകളിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയാണ് നടന്നത്. എട്ട് ഇനങ്ങളിൽ ഒന്നായിരുന്നു റോപ്പ് ക്ലൈംബിംഗ്, ഒരാൾ പൊക്കത്തിൽ നിന്ന് വടത്തിൽ 3.65 മീറ്റർ ഉയരത്തിലാണ് കയറേണ്ടിയിരുന്നത്. രണ്ട് വർഷം മുമ്പ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റോപ്പ് ക്ലൈംബിംഗിനിടെ വീണ് ഉദ്യോഗാർത്ഥിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

അതുകൊണ്ട് തന്നെ കൂടുതൽ കനമുള്ള ബെഡ് വിരിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. കഷ്ടിച്ച് മൂന്ന് ഇഞ്ച് കനമുള്ള ബെഡാണ് വിരിച്ചിരുന്നത്. വടത്തിൽ കയറുന്നതിനിടെ മറ്റൊരു ഉദ്യോഗാർത്ഥിയുടെ കൈയുടെ കുഴ തെറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികൾ താഴെ നിന്ന് പിടിച്ചതിനാലാണ് കുഴ തെറ്റി താഴേക്ക് വീണയാൾക്ക് പരിക്കേൽക്കാതിരുന്നത്.