
കൊല്ലം: ചേട്ടൻ നൽകിയ പരിശീലനത്തിന്റെ പിൻബലത്തിൽ ഡിസ്‌ക്കസ് ത്രോയിൽ പങ്കെടുക്കാനെത്തിയ അനിയത്തി എറിഞ്ഞിട്ടത് സ്വർണമെഡൽ. കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന 68-ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിലെ 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഡിസ്‌ക്കസ് ത്രോയിലാണ് ക്യു.എ.സി ക്ലബിനെ പ്രതിനിധീകരിച്ചെത്തിയ വി.അഞ്ജന ഒന്നാംസ്ഥാനം നേടിയത്.
ഇളമ്പള്ളൂർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അഞ്ജന ആറാംക്ലാസ് മുതൽ ഡിസ്‌ക്കസ് ത്രോ പരിശീലിക്കുന്നുണ്ട്. പഴയ കായികതാരവും അഞ്ജനയുടെ സഹോദരനുമായ അഭിജിത്താണ് പരിശീലകൻ. ഇരുവർക്കും പൂർണ പിന്തുണയുമായി കൊറ്റങ്കര സ്വദേശികളും ബിസിനസുകാരനായ അച്ഛൻ അനിൽകുമാറും അമ്മ വിജയകുമാരിയും ഒപ്പമുണ്ട്. ഷോട്ട് പുട്ടിനും മത്സരിച്ചെങ്കിലും നേട്ടം കൈവരിക്കാനായില്ല. അഭിജിത്ത് 1000 മീറ്റർ ഓട്ടത്തിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ജില്ലാ കായികമേളയിൽ ഡിസ്‌ക്കസ് ത്രോയ്ക്ക് അഞ്ജനയക്ക് സ്വർണം ലഭിച്ചിരുന്നു. സംസ്ഥാന തലത്തിൽ മത്സരിച്ചെങ്കിലും മെഡൽ ലഭിച്ചില്ല. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡൽ നേടണമെന്നതാണ് ആഗ്രഹമെന്ന് അഞ്ജന പറയുന്നു.