കൊല്ലം: ഗൾഫിൽ നിന്ന് മടങ്ങിയെത്തിയയാളെ പണം തട്ടാൻ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ നാലാം അഡീഷണൽ സെഷൻസ് കോടതി ജ‌ഡ്ജി എസ്.സുഭാഷ് വെറുതെ വിട്ടു. ഈ​സ്റ്റ് ക​ല്ല​ട കൊ​ടു​വി​ള പു​ഷ്​പ​മ​ന്ദി​ര​ത്തിൽ ബേ​ബി എ​ന്ന് വി​ളി​ക്കു​ന്ന അ​ലോ​ഷ്യ​സി​നെ കൊലപ്പെടുത്തിയെന്ന കേസിൽ കി​ഴ​ക്കേക​ല്ല​ട ഉ​ളിയാം​വി​ള വീ​ട്ടിൽ സു​രേ​ഷിനെയാണ് വെറുതെ വിട്ടത്.

2006 ജൂലായ് 18ന് രാത്രി 10 ഓടെയായിരുന്നു സംഭവം. കൊല്ലം ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഇങ്ങനെ, കൊ​ച്ചു​പി​ലാം​മൂ​ട്ടിൽ ഷാ​പ്പിൽ മ​ദ്യ​പി​ച്ചി​രു​ന്ന അ​ലോ​ഷ്യ​സി​നെ സുരേഷും കൊ​ച്ചു​പ്ലാം​മൂ​ട്ടിൽ തെ​ങ്ങു​വി​ള വീ​ട്ടിൽ ലാൽ സു​രേ​ഷും കൂ​ടി രാത്രി 9.30 ഓടെ കു​ടും​ബ​വീ​ട്ടിൽ കൊ​ണ്ടാ​ക്കാമെന്ന് പ​റ​ഞ്ഞ് കൊണ്ടുപോയി. മണ്ണെടുത്ത് രൂപപ്പെട്ട വൻ കുഴിക്ക് സമീപമെത്തിയപ്പോൾ അ​ലോ​ഷ്യ​സി​ന്റെ പോ​ക്ക​റ്റിൽ നി​ന്ന് സുരേഷ് പണം തട്ടിയെടുക്കാൻ ശ്രമിച്ചു. അലോഷ്യസ് തടഞ്ഞതോടെ സുരേഷ് കൈ​യിൽ ക​രു​തി​യി​രു​ന്ന ക​ത്താൾ ഉപയോഗിച്ച് ത​ല​യ്​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​. അ​ലോ​ഷ്യ​സി​ന്റെ പഴ്‌​സ് തട്ടിയെടുത്ത ശേഷം കുഴിയിൽ തള്ളിയിട്ടു.
കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് ഈസ്റ്റ് കല്ലട പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അ​ലോ​ഷ്യ​സി​ന്റെ ബ​ന്ധു​ക്കൾ ഉൾ​പ്പെ​ട്ട ആ​ക്ഷൻ കൗൺ​സി​ലി​ന്റെ പ്ര​തിഷേ​ധ​ത്തെ തു​ടർ​ന്ന് 2007ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്താണ് പ്രതികളെ പിടികൂടിയത്. ര​ണ്ടാം പ്ര​തി ലാൽ സു​രേ​ഷ് കു​റ്റപ​ത്രം സ​മർ​പ്പി​ക്കു​ന്ന​തി​ന് ​മു​മ്പ് മ​രിച്ചു. പ്ര​തികൾ​ക്ക് വേ​ണ്ടി അ​ഭിഭാഷകരായ പ്രാ​ക്കു​ളം വി.ജ്യോ​തി​സാ​ഗർ, കീർ​ത്ത​ന എ​സ്.ജ്യോ​തി​, അ​മി​ത്ര മ​ധു​സൂ​ദ​നൻ എ​ന്നി​വർ ഹാ​ജ​രാ​യി.