60mtr

കൊല്ലം: ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ അവസാന ദിനമായ ഇന്നലെ നടന്ന 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 500 മീറ്റർ ഓട്ടത്തിലും 16 വയസിൽ താഴെയുള്ള പെൺകുട്ടികകളുടെ 60 മീറ്റർ ഓട്ടത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളും ഒരേ ക്ലാസിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. അഞ്ചൽ സെന്റ് ജോൺസ് കോളേജ് ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ നിരഞ്ജന പ്രകാശ്, അതുല്യ അനിൽ, രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിനിയായ ആൻ സൂസൻ സാമൂവൽ എന്നിവരാണ് 500 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയത്.

ഇതേ കോളേജിനെ പ്രതിനിധീകരിച്ച അഞ്ചൽ ഗവ. വെസ്റ്റ് എച്ച്.എസ്.എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളായ ഹന നാസർ, എൻ.ആർ.അർച്ചന, ആർ.ദേവു എന്നിവരാണ് 60 മീറ്റർ മത്സരത്തിൽ കാണികളെ ഞെട്ടിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഹന നാസർ സംസ്ഥാന കായികമേളയിൽ 200 മീറ്ററിൽ പങ്കെടുത്തിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ അർച്ച ന ജില്ലാ കായികമേളയിൽ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേവു 100 മീറ്റർ ഓട്ടത്തിൽ സംസ്ഥാന തലത്തിൽ മത്സരിച്ചെങ്കിലും വിജയം കൈവരിക്കാനായില്ല. 500 മീറ്ററിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ നിരഞ്ജന ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ 1500 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്. ക്രിക്കറിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

അതുല്യ ജില്ലാ കായികമേളയിൽ 800 മീറ്ററിലും ആൻ സൂസൻ യൂണിവേഴ്‌സിറ്റി ക്രോസ് കൺട്രി വിഭാഗത്തിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ദിവസവും വിവിധയിനങ്ങളിൽ അഞ്ചൽ സെന്റ് ജോൺസിനെ പ്രതിനിധീകരിച്ച് മത്സരിച്ച മത്സരാർത്ഥികൾക്ക് ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ചിരുന്നു.