കൊല്ലം: ജാവലിൻ ത്രോയിൽ സ്വർണം നേടി കായികാദ്ധ്യാപകൻ. കഴിഞ്ഞ ദിവസം നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിലാണ് കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് സ്‌കൂളിലെ കായികാദ്ധ്യാപകനായ മനു മോഹൻ 46 മീറ്റർ എറിഞ്ഞ് സ്വർണം നേടിയത്.
മത്സരത്തിലെ ഏറ്റവും നീളം കൂടിയ ത്രോയും ഇതായിരുന്നു. അത്‌ലറ്റിക് മീറ്റിൽ ആദ്യ അവസരത്തിൽ തന്നെ ജാവലിൻത്രോയിൽ സ്വർണം നേടാനായതിൽ സന്തോഷമുണ്ടെന്ന് മനുമോഹൻ പറഞ്ഞു. കായികാദ്ധ്യാപകനായി മനു ചുമതലയേറ്റിട്ട് രണ്ട് വർഷമാകുന്നതേയുള്ളു. ഇതിനോടകം തന്നെ മനുവിന്റെ കീഴിൽ പരിശീലിച്ച നിരവധി കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി മെഡലുകൾ വാരിക്കുട്ടിയത്. സ്‌കൂൾ കാലഘട്ടത്തിലും 21ൽ നടന്ന യൂണിവേഴ്‌സിറ്റി മീറ്റുകളിലും 800 മീറ്ററിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വിവിധ ഇനങ്ങളിലുള്ള ഓട്ടത്തിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെങ്കിലും അദ്ധ്യാപകനായതോടെ ജാവലിൻത്രോയിലേക്ക് ചുവട് മാറ്റി ഈ കൊട്ടിയംകാരൻ. ആന്ധ്രായിൽ നടന്ന അത്‌ലറ്റിക് ഫെഡറേഷന്റെ ദേശീയ മീറ്റിൽ ഓട്ട മത്സരത്തിൽ വെങ്കലമെഡൽ നേടിയിരുന്നു. തന്റെ കീഴിൽ പരിശീലിക്കുന്ന കുട്ടികളെ മികച്ച വിജയത്തോടെ സംസ്ഥാനതല കായികമേളകളിൽ പങ്കെടുപ്പിക്കണമെന്നാണ് മനുവിന്റെ ആഗ്രഹം. പിന്തുണയുമായി സ്‌കൂൾ മാനേജ്‌മെന്റും കുടുംബവും ഒപ്പമുണ്ട്.