കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മരിച്ച എംപോക്സ് സംശയിക്കുന്ന ഇരുപതുകാരനുമായി സമ്പർക്കമുള്ള രണ്ട് ഉത്തരേന്ത്യക്കാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾക്ക് ശേഷം വിട്ടയച്ചു. അഞ്ചൽ ഊത്താമ്പള്ളിയിലെ തൊഴിലാളി ക്യാമ്പിലെ രണ്ടുപേരെയാണ് പരിശോധിച്ചത്.
മെഡിക്കൽ കോളേജിൽ മരിച്ച ഇരുപതുകാരന്റെ ശരീരത്തിൽ ചെറിയ പാടുകൾ കണ്ടതിനെ തുടർന്നാണ് എം പോക്സ് സംശയം ഉയർന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതിനിടയിൽ ഇയാൾ താമസിച്ചിരുന്ന അഞ്ചലുള്ള തൊഴിലാളി ക്യാമ്പിൽ ആരോഗ്യ വകുപ്പ് സംഘം ഇന്നലെ പരിശോധനം നടത്തി. ഇവിടെയുള്ള നാല്പതോളം തൊഴിലാളികളിൽ നേരിയ പനിയുള്ള രണ്ടുപേരെയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവരിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പ്രാഥമിക ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. മരിച്ചയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ വിശദ പരിശോധനയ്ക്കായി പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഫലം പോസിറ്റീവാണെങ്കിൽ മാത്രം അഞ്ചലെ ക്യാമ്പിലുള്ള തൊഴിലാളികളെ വീണ്ടും പരിശോധിക്കും.