കൊല്ലം: മൂന്ന് ദിവസമായി കത്തിക്കാളുന്ന വെയിലിനെയും തോൽപ്പിക്കുന്ന പോരാട്ട വീര്യം പുറത്തെടുത്ത 68-ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 493 പോയിന്റുമായി ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക ഓവറാൾ ട്രോഫി രണ്ടാം തവണയും കരസ്ഥമാക്കി അഞ്ചൽ സെന്റ് ജോൺസ് കോളേജ്.

ആദ്യ ദിനം മുതൽ വ്യക്തമായ ആധിപത്യമാണ് അഞ്ചൽ സെന്റ് ജോൺസ് കോളേജ് പുലർത്തിയത്. എല്ലാ വിഭാഗങ്ങളിലെയും അത്‌ലറ്റിക്‌സ് മത്സരങ്ങളിലും റിലേ മത്സരങ്ങളിലും അഞ്ചൽ സംഘം ആധിപത്യം പുലർത്തി. രണ്ടാം സ്ഥാനം നേടുന്നവർക്കുള്ള മഹാലക്ഷ്മി സുധീർ ട്രോഫി 251 പോയിന്റുമായി പുനലൂർ എസ്.എൻ കോളേജ് കരസ്ഥമാക്കി. 206 പോയിന്റുമായി കൊല്ലം സായിയാണ് മൂന്നാം സ്ഥാനം നേടിയത്.

വിവിധ കാറ്റഗറികളിയിലായി 10 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ 23 പോയിന്റോടെ കാരങ്കോട് വിമല സെൻട്രൽ സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി .12 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ പൂതക്കുളം ജി.എച്ച്.എസ്.എസ് 19 പോയിന്റുമായി മുന്നിലെത്തി. 14 വയസിൽ താഴെ അഞ്ചൽ സെന്റ് ജോൺസ് കോളേജ് 18 പോയിന്റുമായി മുന്നിലെത്തി.
16 വയസിൽ താഴെ വിഭാഗത്തിലും അഞ്ചൽ സെന്റ് ജോൺസ് കോളേജ് തന്നെയാണ് മുന്നിൽ, 56 പോയിന്റ്. 18 വയസിൽ താഴെ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് 36 പോയിന്റ് നേടി ഒന്നാമതെത്തി. 20 വയസിൽ താഴെ 82 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളേജാണ് മുന്നിൽ. വനിതാ വിഭാഗത്തിൽ 77 പോയിന്റ് നേടിയ പുനലൂർ എസ്.എൻ കോളേജ് ഒന്നാമതെത്തി.
ആൺകുട്ടികളുടെ 10 വയസിൽ താഴെ വിഭാഗത്തിൽ കാരങ്കോട് വിമല സെൻട്രൽ സ്‌കൂൾ 44 പോയിന്റുമായി ഒന്നാമതെത്തി. 12 വയസിൽ താഴെ വിഭാഗത്തിലും വിമല സെൻട്രൽ സ്‌കൂൾ തന്നെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 14 വയസിൽ താഴെ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് 19 പോയിന്റുമായി മുന്നിലെത്തി. 16 വയസിൽ താഴെ വിഭാഗത്തിൽ 42 പോയിന്റുമായും 18 വയസിൽ താഴെ വിഭാഗത്തിൽ 74 പോയിന്റുമായും കൊല്ലം സായി ഒന്നാമതെത്തി.

20 വയസിൽ താഴെ വിഭാഗത്തിൽ 118 പോയിന്റ് നേടിയ അഞ്ചൽ സെന്റ് ജോൺസ് കോളേജ് പുരുഷ വിഭാഗത്തിൽ 83 പോയിന്റുമായും മുന്നിലെത്തി. വിജയികൾക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാന അത്‌ലറ്റിക്ക് മീറ്റിൽ പങ്കെടുക്കാനാകും. 14 വിഭാഗങ്ങളിലായി 137 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ഒക്‌ടോബർ 2ന് മേവറത്തെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഥമ കൊല്ലം അത്‌ലറ്റിക്‌സ് അവാർഡ് നൈറ്റിലാണ് അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ ജില്ലയിലെ പ്രശസ്ത കായികതാരങ്ങളെ ആദരിക്കും.