കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം, വിദ്യാർത്ഥി നേതാക്കൾക്ക് പരിക്ക്. എ.ഐ.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗെയിം കാമ്പയിന്റെ ഭാഗമായി കോളേജിൽ എത്തിയ മണ്ഡലം സെക്രട്ടറി ബി.എസ്.അശ്വന്ത്, യൂണിറ്റ് വൈസ് പ്രസിഡന്റ് സ്വാതി, നവനീത് എന്നിവരെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്. സ്വാതിയുടെ വസ്ത്രം നശിപ്പിക്കാനുള്ള ശ്രമവും നടന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാംവർഷ സുവോളജി വിദ്യാർത്ഥിയുമായ ആദിത്യൻ, യൂണിറ്റ് കമ്മിറ്റി അംഗവും ഒന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ ജോയൽ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 18ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ തമ്മിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള നേതാക്കൾ കാമ്പസിൽ കയറി ശക്തിതെളിയിക്കൽ നടത്തുന്നത് ചോദ്യം ചെയ്തതാണ് വിഷയങ്ങൾക്ക് കാരണം.
ഇന്ന് പഠിപ്പ് മുടക്ക്
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റംഗം ബി.എസ്.അശ്വന്തിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്ക് നടത്തുമെന്ന് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബും പ്രസിഡന്റ് ശ്രീജിത്ത് സുദർശനനും അറിയിച്ചു.