കൊല്ലം: സസ്പെൻഷനിലുള്ള കാപ്പെക്സ് മുൻ എം.ഡി ആർ.രാജേഷിനെ തസ്തികയിൽ നിന്ന് സ്ഥിരമായി നീക്കി സർക്കാർ ഉത്തരവായി. നാടൻ തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേട് കാട്ടി, സസ്പെൻഷൻ കാലയളവിലെ സബ്സിസ്റ്റൻസ് അലവൻസായി ഉയർന്ന തുക നിയമവിരുദ്ധമായി കൈപ്പറ്റി എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കർഷർക്ക് ഗുണം ചെയ്യാൻ നാടൻ തോട്ടണ്ടിക്ക് സർക്കാർ ഉയർന്ന വില നിശ്ചയിച്ചിരുന്നു. എന്നാൽ, നാടൻ തോട്ടണ്ടി എന്ന പേരിൽ ഉയർന്ന വില നൽകി വിദേശ തോട്ടണ്ടി വാങ്ങിയതിനാണ് രാജേഷിനെ 2019ൽ സസ്പെൻഡ് ചെയ്തത്. 2021 ഫെബ്രുവരിയിൽ സസ്പെൻഷൻ പിൻവലിച്ച് കാപ്പെക്സ് എം.ഡിയായി നിയമിച്ചു. പിന്നാലെ സർക്കാർ അനുവദിച്ചതിനേക്കാൾ കൂടുതൽ തുക സസ്പെഷൻ കാലയളവിലെ സബ്സിസ്റ്റൻസ് അലവൻസായി സ്വയം എഴുതി വാങ്ങി. നാടൻ തോട്ടണ്ടി വാങ്ങലിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ പുറത്തുവന്നതോടെ രാജേഷിനെ വീണ്ടും സസ്പെൻഡ് ചെയ്തു. പിന്നീട് വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ നടത്തിയ അന്വേഷണത്തിലും നാ രാജേഷിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി.

നാടൻ തോട്ടണ്ടി വാങ്ങലിന്റെ കാതലായ വിവരങ്ങൾ ഡയറക്ടർ ബോർഡിൽ നിന്ന് മറച്ചുവച്ച ശേഷം കുറ്റം മറ്റുള്ളവരുടെ തലയിൽ ചാരാൻ ശ്രമിക്കുകയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 2007 ഡിസംബറിലാണ് സർക്കാർ ഇന്റർവ്യു നടത്തി ആർ.രാജേഷിനെ കാപ്പെക്സ് എം.ഡിയായി നിയമിച്ചത്.