മാള: പ്രമാദമായ പല കേസുകളിലും തുമ്പുണ്ടാക്കിയിട്ടുണ്ട്, എ.എസ്.ഐ രാജേശ്വരൻ വരച്ച രേഖാചിത്രങ്ങൾ..! എന്നാൽ അതിലേറെ ഹിറ്റായ ഒരു വ്യത്യസ്ത ഒരു സൃഷ്ടിയുടേതാണ് ഈ കഥ. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഹോർത്തൂസ് മലബാറിക്കസിന്റെ മുഖപടം നോക്കി പുതിയ നിറത്തിലും ഭാവത്തിലും ഒരുക്കിയ ചിത്രം ഇന്ന് ചരിത്രകാരൻമാർക്കിടയിൽ സൂപ്പർ ഹിറ്റാണ്. പ്രൊഫ. കെ.എസ്. മണിലാലിന്റെ വിവർത്തന ഗ്രന്ഥത്തിന് മാള പൂപ്പത്തി സ്വദേശി രാജേശ്വരന്റെ വർണച്ചാർത്ത് കൂടുതൽ മിഴിവേകി.
ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് - മലയാളം പരിഭാഷകൾക്ക് മുഖപടം ഒരുക്കാൻ 2000ത്തിലാണ് രാജേശ്വരന് അവസരം ഒരുങ്ങിയത്. പൊലീസ് സേനയിൽ ജോലി ലഭിക്കുന്നതിന് മുൻപ് കാർഷിക സർവകലാശാലയിൽ അപ്രന്റിസായിരുന്നു രാജേശ്വരൻ. അന്നവിടെ ഗുരുവായിരുന്ന പ്രൊഫ. കെ.എസ്. മണിലാലാണ് ജോലി ഏൽപ്പിച്ചത്. ഗുരുനാഥനോടുള്ള ആദരവും സ്നേഹവും കൊണ്ട് ഏറ്റെടുത്തെങ്കിലും എളുപ്പമായിരുന്നില്ല പ്രവൃത്തി.
320 വർഷം മുൻപിറങ്ങിയ രണ്ടാം വോള്യത്തിലെ കറുപ്പിലും വെളുപ്പിലും വരച്ച നിറംമങ്ങിയ രേഖാചിത്രം മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്. ലിത്തോഗ്രാഫിയിൽ രൂപം നൽകിയതായിരുന്നു ആ ചിത്രം. അത് നോക്കിയുള്ള ചിത്രനിർമ്മിതി കടുപ്പമെന്ന് തിരിഞ്ഞറിഞ്ഞപ്പോൾ തൃപ്പൂണിത്തറയിലുള്ള ഒരു വ്യക്തിയുടെ സഹായം കൂടി തേടി.
സമാന രീതിയിലുള്ള ചിത്രങ്ങളുടെ വർണങ്ങൾ മനസിലാക്കി പ്രൊഫ. മണിലാലിനോട് കൂടി സംസാരിച്ച് വ്യക്തത വരുത്തിയായിരുന്നു കെട്ടിടഭാഗങ്ങളും കള്ളിച്ചെടികളും ഇട്ടി അച്യുതൻ അടക്കമുള്ള വൈദ്യന്മാരെയും എല്ലാം പുസ്തകത്തിൽ വരച്ചത്. കേരള സർവകലാശാല 2003ലാണ് 12 വോള്യമുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പൊലീസ് മീഡിയ സെല്ലിൽ ജോലി ചെയ്യുന്ന രാജേശ്വരന്റെ ഭാര്യ ബിസയാണ്. മക്കൾ: ദേവാംഗന (പ്ലസ് വൺ വിദ്യാർത്ഥിനി), ഇതിഹാസ് ദേവ് (ഏഴാം ക്ലാസ് വിദ്യാർത്ഥി).
ഹോർത്തൂസ് മലബാറിക്കസ്
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മലബാർ കമാൻഡർ ആൻഡ്രിയൻ വാൻ റീഡ് 335 വർഷം മുമ്പ് ചേർത്തലയിൽ ജീവിച്ചിരുന്ന ഇട്ടി അച്യുതൻ വൈദ്യന്റെ സഹായത്തോടെ രചിച്ചതാണ് ഹോർത്തൂസ് മലബാറിക്കസ്. ലാറ്റിൻ ഭാഷയിലുള്ള 12 വോള്യമുള്ള ഗ്രന്ഥം 320 വർഷങ്ങൾക്ക് ശേഷമാണ് കൊടുങ്ങല്ലൂർ ബോയ്‌സ് സ്‌കൂളിൽ പഠിച്ച പ്രമുഖ സസ്യ ശാസ്ത്രജ്ഞനും കോഴിക്കോട് സർവകലാശാലയിലെ എമിരിറ്റ്‌സ് പ്രൊഫസറുമായ കെ.എസ്. മണിലാൽ 35 വർഷത്തെ കഠിന പ്രയത്‌നത്തിന് ശേഷം ഒരു നിയോഗം പോലെ 2003ൽ ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും വിവർത്തനം ചെയ്തത്.