
സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ പുത്തൂർ സുവോളജിക്കൽ പാർക്ക് മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ സ്വപ്നമാണ്. ഭരണ-ഉദ്യോഗസ്ഥ തലത്തിലുളള അനാസ്ഥയും വിവാദങ്ങളുമെല്ലാം പലവട്ടം പാർക്ക് നിർമ്മാണം മുടന്തി നീങ്ങാൻ കാരണമായി. ഉടൻ തുറക്കുമെന്ന് പലപ്പോഴും കരുതിയെങ്കിലും സാങ്കേതിക തടസങ്ങളാൽ ഇഴഞ്ഞു. ഇപ്പോഴും അതേ ഇഴച്ചിൽ തുടരുകയാണ്. മുഴുവൻ സമയം ഡയറക്ടറില്ലാത്തതിനാൽ പാർക്കിന്റെ അവസാനവട്ട നിർമ്മാണം വൈകുമെന്ന് ആശങ്കകൾക്ക് നടുവിലാണ്. ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് രണ്ട് ജില്ലകളിലായി രണ്ട് പ്രധാന സ്ഥാപനങ്ങളുടെ കൂടി ചുമതലയുണ്ട്. ഇതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പാർക്കിലെ നിർമ്മാണപുരോഗതി നിർണയിക്കാനാകുന്നില്ല. ഡയറക്ടറെ മുഴുവൻ സമയത്തേക്ക് അടിയന്തരമായി നിയമിക്കുകയോ മറ്റു ചുമതലകളിൽ നിന്നും ഒഴിവാക്കുകയോ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഫ്രണ്ട്‌സ് ഒഫ് സൂ സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. ആരോഗ്യമുളള ജീവികളെ ഘട്ടംഘട്ടമായി പുത്തൂരിലേക്ക് മാറ്റുകയും അവയെ രണ്ടു മാസമെങ്കിലും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
നിർമ്മാണം പൂർത്തിയാക്കുക, ജീവികളെ പുത്തൂരിലേക്ക് മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്താനുളള സമയത്ത് സുവോളജിക്കൽ പാർക്കിന്റെ ഡയറക്ടർ സ്ഥാനത്ത് മുഴുവൻ സമയം ചെലവഴിക്കാവുന്ന ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം. പീതാംബരൻ ചൂണ്ടിക്കാണിക്കുന്നു.
ജീവികളെ തിടുക്കത്തിൽ മാറ്റിയെങ്കിലും
ആവാസ സംവിധാനങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് പക്ഷിമൃഗാദികളെ തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂരിലേക്ക് മാറ്റേണ്ട സമയമാണിത്. സെൻട്രൽ സൂ അതോറിറ്റി (കേന്ദ്ര മൃഗശാല അതോറിറ്റി) ഇതിന് അനുമതി നൽകിയത് 2023 സെപ്തംബർ ആറിനാണ്. 2023 ഒക്ടോബർ രണ്ടിന് മൂന്ന് മയിലുകളെ പുത്തൂരിലേക്ക് കൊണ്ടുവന്ന് ജീവികളുടെ മാറ്റത്തിന്റെ ഉദ്ഘാടനം ആഘോഷത്തോടെ നിർവഹിച്ചിരുന്നു. പത്തുമാസം പിന്നിടുമ്പോഴും 39 ജീവികളെ മാത്രമാണ് ഇവിടേക്ക് മാറ്റിയത്. തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിനും ഉത്തരമില്ല. നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയാൽ നഷ്ടങ്ങളേറെയുണ്ട്. വന്യജീവി സംരക്ഷണ ഗവേഷണത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന സ്ഥാപനമാണിത്.
ആവാസവ്യവസ്ഥകളുടെ നിർമ്മാണം ഇനിയും പൂർത്തിയാക്കാനുള്ളതിനാൽ ജോലികൾ വൈകുന്നത് കൂടുതൽ ധനനഷ്ടവുമുണ്ടാക്കും. മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റിയാലും അവ പാർക്കിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വീണ്ടും മാസങ്ങളെടുക്കും പ്രായം കുറഞ്ഞതും ഗർഭാവസ്ഥയിൽ അല്ലാത്തതുമായ ജീവികളെയാണ് ആദ്യ ഘട്ടത്തിൽ മാറ്റേണ്ടിയിരുന്നത്. എന്നാൽ അതിലും പാളിച്ച പറ്റി. പുത്തൂരിൽ നിലവിലുളള മൃഗങ്ങൾ 27 പക്ഷികളും ഒരു പന്നിമാനുമാണ്. തൃശൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്നത് 38 പക്ഷിമൃഗാദികളെയാണ്. ഇതിൽ 36 പക്ഷികളും രണ്ട് പന്നിമാനുമാണ്. ഇതിൽ 9 പക്ഷികളും ഒരു പന്നിമാനും ചത്തു. ജനവാസ മേഖലകളിൽ നിന്ന് പിടികൂടിയ നാല് കടുവ ഒരു പുളളിപ്പുലി എന്നിവയും പാർക്കിലുണ്ട്. തൃശൂർ മൃഗശാലയിലുളളത് 489 പക്ഷിമൃഗാദികളാണ്. ഇവയെ മാറ്റുക എന്നത് ശ്രമകരമായ ജോലിയാണെന്നാണ് അധികൃതർ പറയുന്നത്.
ഇടപെടലുമായി
ഫ്രണ്ട്സ് ഒഫ് സൂ
പുത്തൂരിലെ 336 ഏക്കർ വനഭൂമിയിൽ അൻപതോ 90 ഏക്കറോ മാത്രമെടുത്ത് മൃഗശാല നവീകരണം നടത്താൻ സംസ്ഥാന മൃഗശാല വകുപ്പ് ശ്രമം നടത്തിയിരുന്നു. സുവോളജിക്കൽ പാർക്ക് പരമാവധി സ്ഥലം എടുത്തുകൊണ്ട് വിശാലമായി സ്ഥാപിക്കണമെന്നാശ്യപ്പെട്ട് വിദഗ്ദ്ധ കമ്മിറ്റി അംഗങ്ങൾക്കും സെൻട്രൽ സൂ അതോറിട്ടിക്കും നിവേദനങ്ങൾ സമർപ്പിച്ചതും ഫ്രണ്ട്സ് ഒഫ് സൂ ആയിരുന്നു. അതിനാൽത്തന്നെ ഈ നേട്ടത്തിന്റെ ഒരു പങ്ക് സംഘടനയ്ക്കും അവകാശപ്പെട്ടതായി. സംസ്ഥാന മൃഗശാല വകുപ്പിന്റെ നിയന്ത്രണത്തിൽ പുത്തൂരിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ നൽകിയ അപേക്ഷ വേണ്ടത്ര അനുബന്ധ രേഖകളില്ല എന്ന കാരണത്താൽ കേന്ദ്ര മൃഗശാല അതോറിട്ടി ഒരിക്കൽ തിരിച്ചയച്ചിരുന്നു. സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകണമെങ്കിൽ പദ്ധതി വനംവകുപ്പിനെ ഏൽപ്പിക്കുക മാത്രമാണ് സാദ്ധ്യതയെന്ന് ഇതോടെ കൂടുതൽ വ്യക്തമാവുകയായിരുന്നു. ഫ്രണ്ട്സ് ഒഫ് സൂ വർഷങ്ങൾക്കു മുൻപ് നിർദ്ദേശിച്ചതും ഇതുതന്നെയായിരുന്നു. മൃഗശാല നവീകരണത്തിന്റെ അനിവാര്യതയെക്കുറിച്ച് മാറിവന്ന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതും ഫ്രണ്ട്സ് ഒഫ് സൂ എന്ന സംഘടനയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ആ സംഘടനയുടെ പ്രവർത്തനവും എടുത്തു പറയേണ്ടതാണ്. അതത് കാലത്തെ സർക്കാരുകളും മന്ത്രിമാരും മറ്റു ജനപ്രതിനിധികളും എല്ലാം സുവോളജിക്കൽ പാർക്കിനു വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും തടസങ്ങളും അലംഭാവങ്ങളും ഏറെയുണ്ടായി. നിയമങ്ങളുടെയും സാങ്കേതികത്വങ്ങളുടെയും കുരുക്കുകൾ, വകുപ്പുകൾ തമ്മിലുള്ള ആന്തരിക വടംവലികൾ എന്നിവയെല്ലാം കാലതാമസം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇത്തരം പ്രതിസന്ധികളെ പരമാവധി ലഘൂകരിച്ചു കൊണ്ട് പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനാണ് പദ്ധതി വനംവകുപ്പിനെ ഏൽപ്പിക്കണമെന്നും തൃശൂർ മൃഗശാലയിലെ പക്ഷിമൃഗാദികളെ അവിടേക്ക് മാറ്റാനുള്ള അനുമതി ഉണ്ടാകണമെന്നും ഫ്രണ്ട്സ് ഒഫ് സൂ അഭ്യർത്ഥിച്ചത്.
വിസ്തൃതി ഏറെ ഗുണകരം
സ്ഥസപരിമിതി കാരണം ബുദ്ധിമുട്ടുന്ന തൃശൂർ മൃഗശാലയെ അപേക്ഷിച്ച് പാർക്കിന്റെ വിസ്തൃതിയാണ് ഏറെ അനുകൂലമായ ഘടകം. രാജ്യത്തെ മികച്ച സുവോളജിക്കൽ പാർക്കായി തൃശൂർ സുവോളജിക്കൽ പാർക്ക് മാറുകയാണ്. പുത്തൂരിൽ സുവോളജിക്കൽ പാർക്ക് നിർമ്മിക്കാനായി അനുമതി തേടി സംസ്ഥാന മൃഗശാല വകുപ്പ് കേന്ദ്ര മൃഗശാല അതോറിട്ടിക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് സ്ഥലം പരിശോധിക്കുന്നതിനായി സെൻട്രൽ സൂ അതോറിട്ടിയിൽ നിന്ന് വിദഗ്ദ്ധ സമിതി അംഗം എസ്.സി.ശർമ്മ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഓഫീസർ ബ്രിഡ്ജ് കിഷോർ ഗുപ്ത എന്നിവർ 2011 ജനുവരി 28ന് പുത്തൂരിലെത്തി. ഏറ്റവും അനുയോജ്യമായ സ്ഥലമാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ദ്ധ സമിതി അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്തായാലും പതിറ്റാണ്ടുകൾ നീണ്ട അദ്ധ്വാനമാണ് സഫലമാകാൻ പോകുന്നത്. അത് അവസാനവട്ടത്തിലെത്തുമ്പോൾ അശ്രദ്ധയും അനാസ്ഥയും ഉണ്ടാകരുത്. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയും അഭിമാനമാകാനുളളതാണ് വന്യജീവികളുടെ ഈ ആസ്ഥാനകേന്ദ്രം....