തൃശൂർ: വൈദ്യുതി ബോർഡും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരമാവധി ബോധവത്കരിച്ചിട്ടും സംസ്ഥാനത്ത് 8 മാസത്തിനിടെയുണ്ടായത് 415 വൈദ്യുതിഅപകടങ്ങൾ. മരണം135. മൂന്നു മാസത്തിനിടെ 10 ലൈൻമാന്മാർ മരിച്ചു. 5 വർഷത്തിനിടെ 1,114 പേർ മരിച്ചു. വൈദ്യുതി വേലികളിൽ നിന്ന് ഷോക്കേറ്റും പൊട്ടിവീണ വൈദ്യുതികമ്പികളിൽ തട്ടിയും മൃഗങ്ങളും ചാകുന്നു.
വൈദ്യുതിഅപകടങ്ങളിലൂടെ വർഷത്തിൽ 250 ഓളം മനുഷ്യർക്കും അറുപതോളം മൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതായാണ് കണക്ക്.
ചക്ക, മാങ്ങ, പപ്പായ തുടങ്ങിയവ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് കൂടുതലും ഷോക്കേൽക്കുന്നത്. ഗുണനിലവാരം കുറഞ്ഞ വയറിംഗും ഒരു പ്‌ളഗിൽ ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും അപകടകാരണങ്ങളാണ്. വീടുകളിലെ കാര്യക്ഷമമല്ലാത്ത വയറിംഗിൽ നിന്നും വൈദ്യുതോപകരണങ്ങളിൽ നിന്നും ഷോക്കേൽക്കാം. ഇലക്ട്രിക് വേലികളിൽ നിന്ന് ഷോക്കേറ്റുള്ള മരണം തടയാൻ കുറഞ്ഞ ചെലവിൽ ഉപകരണം സ്ഥാപിക്കാമെങ്കിലും പലരും ചെയ്യുന്നില്ല.
വയർമാൻമാർക്ക് ബോധവത്കരണം
വയർമാൻ പരീക്ഷയെഴുതുന്നവർ ഒരു ദിവസത്തെ ബോധവത്കരണത്തിൽ പങ്കെടുക്കണം. ഇതിന്റെ സർട്ടിഫിക്കറ്റുണ്ടെങ്കലേ ലൈസൻസ് ലഭിക്കൂ. വയറിംഗ് ചെയ്യുന്ന വീടുകളിലുള്ളവർക്ക് വൈദ്യുതി സുരക്ഷയെപ്പറ്റി അവർ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. വയർമാന്മാർക്കും പൊതുജനങ്ങൾക്കും ലഘലേഖകൾ നൽകാറുണ്ട്. വൈദ്യുതബോർഡിന്റെ വെബ്‌സൈറ്റിലുമുണ്ട് സുരക്ഷാ ബോധവത്കരണം.
മരണം കൂടുതലുള്ള ജില്ലകൾ
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
വീടുകളിൽ ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) സ്ഥാപിച്ചാൽ വലിയൊരളവിൽ ജീവൻ രക്ഷിക്കാം. കുറഞ്ഞ ചെലവേയുള്ളൂ.പി.കെ. പ്രകാശൻ, എക്‌സിക്യുട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി