പുത്തൻചിറ: പുത്തൻചിറ പഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന കണ്ണിക്കുളങ്ങര പോസ്റ്റ് ഓഫീസ്- മതിക്കുന്നത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. ശക്തമായ മഴയിൽ റോഡിൽ രൂപം കൊണ്ട വലിയ ഗർത്തം റോഡിൽ വലിയ അപകട ഭീഷണി ഉയർത്തുകയാണ്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഗർത്തം കാരണം എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. സ്‌കൂൾ കുട്ടികൾ അടക്കം നിരവധി പേർ കടന്നുപോകുന്നതും ഈ വഴിയാണ്. പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്ത് അംഗങ്ങളായ വി.എ. നദീർ, അഡ്വ. വി.എസ്. അരുൺരാജ്, പത്മിനി ഗോപിനാഥ് എന്നിവർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം അസിസ്റ്റന്റ് എൻജിനിയർ സ്ഥലം സന്ദർശിച്ച് ഗർത്തം നികത്താനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
- റോമി ബേബി
(പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്)