ev

തൃശൂർ: മരങ്ങളെ അടിമുടി അറിയുകയും മികച്ച അക്കാഡമിക് നിലവാരം പുലർത്തുകയും ചെയ്ത അദ്ധ്യാപകനും ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്നു മണ്ണുത്തി വെള്ളാനിക്കര ഫോറസ്ട്രി കോളേജ് ഡീൻ ഡോ.ഇ.വി.അനൂപ്. മരങ്ങളെ തിരിച്ചറിയാനും ഗുണനിലവാരം നിർണയിക്കാനുമെല്ലാം അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ.

അദ്ധ്യാപകരോടും അനദ്ധ്യാപകരോടും വിദ്യാർത്ഥികളോടും സ്‌നേഹബന്ധം കാത്തുസൂക്ഷിച്ച സൗമ്യ വ്യക്തിത്വമായിരുന്നു ഡോ.അനൂപിന്റേതെന്ന് മുൻ അദ്ധ്യാപകർ ഓർക്കുന്നു. എല്ലാവരുമായി ചേർന്നുപോകുന്നത് കൊണ്ട് കോളേജിന്റെ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കാനായി. ബാസ്‌കറ്റ് ബാൾ അടക്കമുള്ള കായികവിനോദങ്ങളിൽ ഏർപ്പെട്ട് ശാരീരികക്ഷമത കാത്തുസൂക്ഷിക്കാറുള്ള അദ്ദേഹം പാട്ടുകൾ പാടി കലാപ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ എം.എസ്.സി പഠനം കഴിഞ്ഞ് അവിടെ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.