 
കൊടുങ്ങല്ലൂർ : തീരസുരക്ഷാ പദ്ധതിയുടെ ഭാഗമായി എറിയാട് പഞ്ചായത്തിലെ ബീച്ചുകൾ ശുചീകരിച്ചു. സുനാമിക്കടവ്, ലൈറ്റ് ഹൗസ്, പേ ബസാർ, മണപ്പാട്ട്ചാൽ, പുതിയ റോഡ് എന്നീ ആറ് ബീച്ചുകളാണ് ശുചീകരിച്ചത്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷ സാറാബി ഉമ്മർ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ സജി, രേഷ്മ, ബ്ലോക്ക് മെമ്പർമാരായ ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത് എന്നിവർ വിവിധ ബീച്ചുകളിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
തീരസുരക്ഷാ സന്നദ്ധ പ്രവർത്തകർ, ഹരിതകർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, നാഷണൽ സർവീസ് സ്‌കീം, യുവജന ക്ലബ്ബുകൾ, വാർഡ് വികസന സമിതികൾ, കടലോര ജാഗ്രത സമിതി എന്നിവയുടെ സന്നദ്ധ പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. ഓരോ കേന്ദ്രങ്ങളിലും 25 മുതൽ 30 വരെയുള്ള സന്നദ്ധ പ്രവർത്തകർ ശുചീകരണത്തിന് ചുക്കാൻ പിടിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ തീരദേശ ഡിവിഷൻ മെമ്പർമാരുടെ നേതൃത്വത്തിൽ ഏഴു പഞ്ചായത്തുകളിലായി നടപ്പാക്കുന്ന തീരസുരക്ഷ പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ ശുചീകരണം എടവിലങ്ങ് പഞ്ചായത്തിലെ ബീച്ചുകളിലാണ്. ഇതിനായി വിപുലമായ യോഗം വിളിച്ച് ചേർത്ത് പ്രവർത്തനങ്ങൾക്ക് രൂപം നൽകും.
വേസ്റ്റ് ബിന്നുകളും ക്യാമറകളും വരും