പാവറട്ടി: ലഹരി സംബന്ധമായിട്ടുള്ള പരാതി അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാൻ തീരുമാനം. മുരളി പെരുനെല്ലി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്‌സൈസ് വിമുക്തി മണലൂർ നിയോജക മണ്ഡലം തല ജാഗ്രത സമിതി യോഗത്തിലാണ് തീരുമാനം. 04872361237 എന്ന നമ്പറിലോ പൊലീസ് ഡയറക്ടർ ജനറലിന്റെ 9447181000 എന്ന മൊബൈൽ നമ്പറിലോ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
പ്രസ്തുത പരാതി പരിശോധിച്ച് 24 മണിക്കൂറിനുള്ളിൽ പരിഹാരം കാണും. ലഹരിക്കടിമയായ കുട്ടികൾക്കും മുതിർന്നവർക്കും കൗൺസിലിംഗ് നൽകുന്നതിനു വേണ്ടി ജനജാഗ്രതാ സമിതി വാർഡ് തലം വരെ ചേരും. സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സമിതിയുടെ ക്യാമ്പയിൻ നടത്തി ബോധവത്കരണം നടത്താനും ലഹരിക്കെതിരെ പ്രതിരോധസേനയായി പ്രവർത്തിക്കാനും ഒരു ജാഗ്രതാ സമിതി രൂപീകരിക്കും. ബണ്ട് റോഡുകളിലും ഗ്രാമീണ റോഡുകളിലും പട്രോളിംഗ് ശക്തമാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതി വേണുഗോപാൽ, കെ.കെ ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചപ്പൻ വടക്കൻ, എം.എം റജീന, മിനി ജയൻ, എക്‌സൈസ് വാടാനപ്പള്ളി ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജ്, പാവറട്ടി പൊലീസ് സബ് ഇൻസ്‌പെക്ടർ വി.എസ്. ശിവദാസ് എന്നിവർ പങ്കെടുത്തു.