
തൃശൂർ : മലയാള സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്നും താൻ അതിന്റെ രക്തസാക്ഷിയാണെന്നും തന്റെ സിനിമ ഇല്ലാതാക്കാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും സംവിധായകൻ പ്രിയനന്ദനൻ.
പവർ ഗ്രൂപ്പ് ഇല്ലെന്ന് സൂപ്പർതാരങ്ങളടക്കം ആവർത്തിക്കുമ്പോഴാണ് പ്രിയനന്ദനൻ മാദ്ധ്യമങ്ങളോട് തുറന്നടിച്ചത്. നെയ്ത്തുകാരന് ശേഷം 2004ൽ ചെയ്ത സിനിമയാണ് 'അത് മന്ദാരപ്പൂവല്ല'. പൃഥ്വിരാജും കാവ്യാ മാധവനും ഒക്കെയായിരുന്നു പ്രധാന വേഷത്തിൽ. ആറ് ദിവസം ഷൂട്ടിംഗ് നടന്നു. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ പൃഥ്വിരാജിന് അന്ന് വിലക്കുണ്ടായിരുന്നു. പൃഥ്വിരാജിനെ അഭിനയിപ്പിച്ചതിന്റെ പേരിൽ എന്റെ സിനിമ ഇല്ലാതായി. എതിർപ്പുള്ള ഒരാളെ ഇല്ലാതാക്കാൻ സിനിമയിൽ ചിലർക്ക് കഴിയുമെന്നതിന്റെ രക്തസാക്ഷിയാണ് ഞാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് സിനിമാ മേഖലയിലുള്ളവരുടെ ആത്മബലം കൂട്ടിയിട്ടുണ്ട്. അന്യായങ്ങൾ ചോദ്യം ചെയ്യപ്പെടണം. മറ്റു മേഖലകളിലും സ്ത്രീകൾക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്ന താരതമ്യം ആവശ്യമില്ലെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.
ചാർമ്മിള വഴങ്ങുമോയെന്ന്
ഹരിഹരൻ ചോദിച്ചു: വിഷ്ണു
കൊച്ചി: സിനിമയിൽ അഭിനയിപ്പിച്ചാൽ ചാർമ്മിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചിരുന്നതായി നടൻ വിഷ്ണു പറഞ്ഞു. അയൽവാസിയായിരുന്ന ഹരിഹരൻ അഭിനയിക്കാൻ പറ്റിയ പെൺകുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമ്മിളയെക്കുറിച്ച് താൻ പറഞ്ഞത്. ചാർമ്മിള നേരിട്ടെത്തി സംസാരിച്ചു. കഥാപാത്രത്തിന് അനുയോജ്യയാണെന്നും പറഞ്ഞു. ചാർമ്മിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോയെന്ന് പിന്നീട് നേരിട്ടും ഫോണിലും ഹരിഹരൻ ചോദിച്ചു. പറ്റില്ലെന്ന് അറിയിച്ചതോടെ ചാർമ്മിളയെ സിനിമയിൽ നിന്ന് ഒഴിവാക്കി. അതിനുശേഷം ഹരിഹരൻ തന്നെ വിളിച്ചിട്ടില്ല.
സഹകരിക്കാത്ത നടിമാരെ ഹരിഹരൻ ഷൂട്ടിംഗിനിടെ ക്യാമറയ്ക്ക് മുന്നിൽ പൊരിക്കും. ഒടുവിൽ വഴങ്ങിക്കൊടുക്കാൻ അവർ നിർബന്ധിതരാകും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. നേരിൽ കാണുന്നതല്ലാത്ത മുഖം കൂടി ഹരിഹരനുണ്ടെന്നും വിഷ്ണു പറഞ്ഞു. വഴങ്ങുമോയെന്ന് വിഷ്ണു വഴി ഹരിഹരൻ ചോദിച്ചെന്നും തയ്യാറല്ലെന്ന് അറിയിച്ചതിനാൽ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമ്മിള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.