തൃശൂർ: സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് മൂന്നു വർഷമായി കൂലി പോലും യഥാസമയം കിട്ടുന്നില്ലെന്ന് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ. 500 കുട്ടികൾക്ക് ഒരു തൊഴിലാളി ഭക്ഷണമുണ്ടാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്ന് ഗണ്യമായൊരു വിഭാഗം തൊഴിലാളികളുടെ ദിവസക്കൂലി 300 രൂപയായി കുറഞ്ഞു.
500 കുട്ടികൾക്ക് ഒരു തൊഴിലാളി പോരാത്തതിനാൽ സഹായിയെ വച്ച് കിട്ടുന്നതിൽ പകുതി അവർക്ക് കൊടുക്കണം. മിനിമം കൂലിയും ഇ.എസ്.ഐയും പി.എഫും വാഗ്ദാനം ചെയ്തതും നടപ്പായില്ല. മിനിമം വേതന പരിധിയിൽ നിന്ന് ഒഴിവാക്കി. പരിമിതമായെങ്കിലും വർഷാവർഷം കൂലി വർദ്ധിപ്പിച്ചിരുന്ന പതിവും ഈ സർക്കാർ നിറുത്തി. എന്നാൽ തമിഴ്‌നാട് സർക്കാർ പെൻഷനും ഗ്രാറ്റുവിറ്റിയും ബോണസും ഉൾപ്പെടെ നൽകി സ്ഥിരം ജീവനക്കാരാക്കി. 500 കുട്ടികൾക്ക് മൂന്ന് തൊഴിലാളികളെ നിയോഗിച്ചു.
രാജ്യത്തത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ദരിദ്രവിഭഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ തെരഞ്ഞെടുത്തതും അവർ സന്നദ്ധ പ്രവർത്തകരാണെന്ന് പറഞ്ഞ് ഓണറേറിയം മാത്രം നിശ്ചയിച്ചതും ചൂഷണം ചെയ്യാനാണ്. രാജ്യത്ത് 26 ലക്ഷത്തിലധികമുള്ള ഉച്ചഭക്ഷണ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിമാസ വേതനം ആയിരം രൂപയാണ്. ഈ സ്ഥാനത്താണ് തമിഴ്‌നാട് സർക്കാരിന്റെ മാതൃകാനടപടി.
തമിഴ്‌നാട് മാതൃക നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 7ന് തൃശൂർ ഡി.ഡി.ഇ ഓഫീസിനു മുമ്പിൽ സത്യഗ്രഹം നടത്തും. പാചകത്തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി തൃശൂർ മണ്ഡലം സെക്രട്ടറി കെ.എൻ. രഘു ഉൾപ്പെടെ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ പി.ജി. മോഹനൻ, യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ. ലതിക, പ്രസിഡന്റ് സി.യു. ശാന്ത, ബാബു ചിങ്ങാരത്ത്, ഷൈനി ബാബു എന്നിവർ പങ്കെടുത്തു.