കയ്പമംഗലം: ചാമക്കാല മൂന്നുംകൂടിയ സെന്ററിലെ ഹെൽത്ത് സബ് സെന്റർ കാടുപിടിച്ച് നശിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. എടത്തിരുത്തി പഞ്ചായത്തിലെ സബ് സെന്ററാണ് കഴിഞ്ഞ അഞ്ചുവർഷമായി നശിക്കുന്നത്. ഏഴ്, 11, 13 വാർഡുകൾക്കായാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത്. പ്രദേശത്തെ ആരോഗ്യ പരിപാലന പരിപാടികൾക്കായി 20 വർഷം മുൻപ് നിർമ്മിച്ചതാണ് കെട്ടിടം.
സബ് സെന്റർ അറ്റകുറ്റപ്പണി നടത്തി ഫിസിയോ തെറാപ്പി കേന്ദ്രമാക്കുമെന്ന് അധികൃതർ പറയുമ്പോഴും അതിനുള്ള യാതൊരു ഒരുക്കങ്ങളും നടത്തുന്നില്ല. ഹൈവേ കടന്ന് സബ് സെന്ററിലേക്ക് ഏഴ്, 11, 13 വാർഡുകളിലെ നിവാസികൾ എത്തുന്നില്ലത്രെ. അതിനാലാണ് കേന്ദ്രം പൂട്ടിക്കിടക്കുന്നതെന്നാണ് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു പറയുന്നത്.