
കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിൽ പാതയോരത്ത് ഓട്ടോഡ്രൈവർമാർ നട്ടുനനച്ച് പൂർണ്ണ വളർച്ചയെത്തിയ ഫലവൃക്ഷ, ഔഷധ സസ്യങ്ങളും തണൽമരങ്ങളും ഇന്നലെ രാത്രിയിൽ ആരെല്ലാമോ ചേർന്ന് മുറിച്ചു മാറ്റി. ഇതേചൊല്ലി പരസ്പര ആരോപണവുമായി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും.
മരം വെട്ടിത്തെളിച്ചതിന് പിന്നിൽ മൂന്നുപീടികയിലെ വ്യാപാരികളാണെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. ഇതു സംബന്ധിച്ച് അവർ മൂന്നുപീടിക ഓട്ടോസ്റ്റാൻഡിൽ കൂറ്റൻ ഫ്‌ളക്‌സ് ബോർഡും സ്ഥാപിച്ചു. പെരിഞ്ഞനം പഞ്ചായത്തിലും കയ്പമംഗലം പൊലീസിലും പരാതി നൽകി. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് വിനീതാ മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, സി.പി.എം പെരിഞ്ഞനം എൽ.സി സെക്രട്ടറി പി.എ.സുധീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മരം വെട്ടിമാറ്റിയതിൽ ദേശീയപാത അതോറിറ്റിയുമായും വനം വകുപ്പുമായി കൂടിയാലോചിച്ച ശേഷം പൊലീസിൽ പരാതിപ്പെടുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞതായി ഡ്രൈവർമാർ അറിയിച്ചു. എന്നാൽ മരം മുറിച്ചുമാറ്റിയതിൽ വ്യാപാരികൾക്ക് ഒരു പങ്കും ഇല്ലെന്ന് വ്യാപാരികൾ വിശദീകരിക്കുന്നു. ഓരോ ഷോപ്പിംഗ് കോംപ്‌ളക്‌സിന് മുന്നിലും ഓട്ടോ തൊഴിലാളികൾ മരം വെച്ചുപിടിപ്പിക്കുന്നത് കാരണം കടകളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം കിട്ടുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഹൈവേ അതോറിറ്റിയുടെയോ വനം, പരിസ്ഥിതി വകുപ്പിന്റെയോ അനുമതിയില്ലാതെ അനധികൃതമായി മരങ്ങൾ വെച്ച് പിടിപ്പിക്കാൻ ഓട്ടോ തൊഴിലാളികൾക്ക് ആര് അനുമതി കൊടുത്തുവെന്നും വ്യാപാരികൾ ചോദിക്കുന്നു. പൊതുഗതാഗതം തടസപ്പെടുത്തി മരം വെച്ച് പിടിപ്പിക്കുന്നതിന്റെ അമർഷവും അവർ പങ്കുവച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി മൂന്നുപീടിക യൂണിറ്റ് യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.