വടക്കാഞ്ചേരി: ഓണ വിപണി സജീവമാകുന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശേഷം തുറന്ന വ്യാപാര സ്ഥാനങ്ങൾക്കും ഗതാഗതക്കുരുക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വീതി കുറഞ്ഞ പ്രദേശമാണ് വടക്കാഞ്ചേരി നഗരം. അതുകൊണ്ടുതന്നെ വാഹനക്കുരുക്കും ഒഴിയാറില്ല. ഇടുങ്ങിയ റോഡിലെ ഇരുവശത്തെയും അനധികൃത പാർക്കിംഗും കുരുക്കിന്റെ ആഘാതം കൂട്ടുന്നു. കൂടാതെ ഇഴഞ്ഞു നീങ്ങുന്ന സ്വകാര്യ ബസുകൾ നഗരത്തിൽ യാത്രക്കാർ കൈ കാണിക്കുന്നിടത്തെല്ലാം നിറുത്തുന്നതും കുരുക്കും അപകടവും വർദ്ധിപ്പിക്കുന്നുണ്ട്. വടക്കാഞ്ചേരി ബൈപ്പാസ് യാഥാർത്ഥ്യമായാൽ നഗരത്തിലെ കുരുക്കിന് പരിഹാരമാകും. എന്നാൽ പദ്ധതി നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.
ചരക്ക് ലോറികൾ വലയ്ക്കുന്നു
വലിയ ചരക്ക് ലോറികളും ലോഡുമായി പോകുന്ന ടോറസുകളും ആശ്രയിക്കുന്നതും നഗരത്തിലൂടെയുള്ള വഴികളെയാണ്. തിരക്കേറിയ സമയങ്ങളിലെ ലോറികളുടെ സഞ്ചാരം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മുൻകാലങ്ങളിൽ ഈ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ വഴി തിരിച്ച് വിടാറുണ്ട്. ഇത്തവണ പീച്ചി-വാഴാനി ടൂറിസം കോറിഡോർ നിർമ്മാണത്തിന്റെ ഭാഗമായി കരുമത്ര മുതൽ പൊങ്ങണം കാട് വരെറോഡ് തകർന്നതിനാലാണ് വാഹനങ്ങൾ ഈ വഴി കടന്നുപോകുന്നത്. ട്രാഫിക് റഗുലേറ്ററി സമിതി അടിയന്തരമായി യോഗം ചേർന്ന് ജനകീയ ദുരിതം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
നിരന്തര ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ശാശ്വത പരിഹാരം വടക്കാഞ്ചേരി ബൈപ്പാസ് തന്നെയാണ്. കുരുക്ക് പരിഹരിക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്നത് തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണ്. നടപടികൾക്കായി സർവകക്ഷിയോഗം വിളിച്ചു ചേർക്കണം. വ്യാപാരികളുടെ നിർദ്ദേശങ്ങളും അനുഭാവപൂർവ്വം പരിഗണിക്കണം. പ്രളയത്തിൽ സർവതും തകർന്ന വ്യാപാരികൾക്ക് ഇനിയുള്ള പ്രതീക്ഷ ഓണക്കച്ചവടമാണ്. അത് ഇല്ലാതാക്കുന്ന വിധത്തിൽ നടപടികൾ സ്വീകരിക്കരുത്.
കെ. അജിത് കുമാർ
നഗരസഭാ പ്രതിപക്ഷ നേതാവ്