
കയ്പമംഗലം: കയ്പമംഗലം കാളമുറി ബ്രദേഴ്‌സ് ലെയിൻ റോഡിൽ മതിലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ കയ്പമംഗലത്തും കണ്ടെത്തി. കയ്പ്പമംഗലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാളമുറി ബ്രദേഴ്‌സ് ലെയിൻ റോഡിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപിച്ചത്. ഈ പ്രദേശത്തെ ഒട്ടുമിക്ക വീട്ടിലും ഒച്ചെത്തിയിട്ടുണ്ട്.
വഴിയോരങ്ങളിലെ മതിലിലും വീടുകളുടെ ചുമരിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ അതിവേഗം പെരുകുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് നാട്ടുകാർ ആഫ്രിക്കൻ ഒച്ചിനെ കണ്ടുതുടങ്ങിയത്. പല വീട്ടിലും അടുക്കള വരെ ഒച്ചെത്തി. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. വീടുകളിലെ ചെടികളും അടുക്കളത്തോട്ടവും നശിപ്പിച്ചുകൊണ്ടിക്കുന്ന ഒച്ചുകൾ രാത്രിയിലാണ് കൂടുതലും പുറത്തിറങ്ങുന്നത്. ഉപ്പുവെള്ളവും തറ വൃത്തിയാക്കുന്ന ലായനിയും ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കാൻ വീട്ടുകാർ ശ്രമിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ വേഗത്തിൽ ഇവ പെരുകുകയാണ്.
നാലിഞ്ച് വലുപ്പമുള്ള ഒച്ചുകൾ വരെ പലയിടത്തും കാണുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും മൂന്നുവർഷം വരെ സമാധിയിരിക്കാൻ കഴിവുള്ള ജീവിയായതിനാൽ ഇവയെ നശിപ്പിക്കുക എളുപ്പമല്ലെന്ന് പറയുന്നു. രണ്ട് വർഷം മുൻപ് കയ്പമംഗലത്തിന്റെ തീരപ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളായ പെരിഞ്ഞനം, എസ്.എൻ പുരം, മതിലകം പഞ്ചായത്തിലും ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിരുന്നു. ഒച്ചുകളെ നശിപ്പിക്കാൻ എത്രയും വേഗം പഞ്ചായത്തധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.