
തൃശൂർ: മഴക്കെടുതിയിൽ ജില്ലയിൽ കൃഷിനാശമുണ്ടായ 633 കർഷകർക്ക് 69.34 ലക്ഷം രൂപ നൽകാൻ അനുമതി. ആകെ 1,405 കർഷകർ 141.86 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നു. ബാക്കിയുള്ളവരുടെ അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്. ജൂലായ് 28 മുതലുള്ള നഷ്ടമാണ് കണക്കാക്കിയത്. ഇതിൽ 291 പമ്പ് സെറ്റ് കേടായതിന് 37.88 ലക്ഷം രൂപയുടെയും 26 മോട്ടോർ ഷെഡുകൾ കേടായതിന് 6.42 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കി.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 26.4 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 1,672.67 ഏക്കർ കൃഷി നശിച്ചെന്നുമായിരുന്നു റിപ്പോർട്ട്. 5,895 കർഷകർക്ക് നഷ്ടമുണ്ടായെന്നാണ് ആദ്യ കണക്കുകൾ. ഇത് പരിശോധിച്ച ശേഷമാണ് നഷ്ടപരിഹാരത്തുക കണക്കാക്കുക. ഏറ്റവുമധികം നഷ്ടമുണ്ടായത് കൊടകര ബ്‌ളോക്കിലാണ്. പച്ചക്കറി, വാഴ, റബർ, തെങ്ങ്, നെല്ല്, നേന്ത്രവാഴ, കവുങ്ങ്, കുരുമുളക്, കപ്പ, കിഴങ്ങു വർഗം, ഇഞ്ചി, മഞ്ഞൾ, കൊക്കൊ, മാങ്ങ, ജാതി എന്നിവയാണ് നശിച്ചത്. പഴയന്നൂർ, ചേലക്കര, ചാലക്കുടി, എരുമപ്പെട്ടി, എളനാട് മേഖലകളിലാണ് പച്ചക്കറിയും നേന്ത്രവാഴയും കൂടുതൽ നശിച്ചത്. എളനാട്ടിൽ ചേന, പയർ, പാവൽ, പടവലം ഉൾപ്പെടെ നശിച്ചിരുന്നു.
കൂടുതൽ നശിച്ചവ
നെൽക്കൃഷി
നേന്ത്രവാഴ കുലച്ചത്
കുലയ്ക്കാത്തത്
കുരുമുളക്
കൂടുതൽ നാശമുണ്ടായ ബ്‌ളോക്കുകൾ
കൊടകര
ഇരിങ്ങാലക്കുട
ചൊവ്വന്നൂർ
ഒല്ലൂക്കര.