തൃശൂർ: കാർഷിക സർവകലാശാല ഭരണസമിതി (എക്‌സിക്യൂട്ടീവ് കമ്മിറ്റി) 7 ഒഴിവുകളിലേക്ക് വിജ്ഞാപനം നടത്തി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ അദ്ധ്യാപക പ്രതിനിധി ഡോ.പി.കെ.സുരേഷ്‌കുമാർ, ജീവനക്കാരുടെ പ്രതിനിധി എൻ.കൃഷ്ണദാസ്, തൊഴിലാളി പ്രതിനിധി വി.ടി.സതീഷ്‌കുമാർ എന്നിവർ നൽകിയ ഹർജിയിലാണ് വിധി.
സർവകലാശാലയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാതായിട്ട് 4 കൊല്ലത്തിലേറെയായി. ഭരണസമിതി രൂപീകരിച്ച് ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് അദ്ധ്യാപകരും ജീവനക്കാരും മറ്റും ദീർഘനാളായി പ്രക്ഷോഭത്തിലായിരുന്നു. ജനറൽ കൗൺസിലിലേക്ക് ചാൻസലറായ ഗവർണർ സർവകലാശാല നിയമമനുസരിച്ച് നോമിനേഷൻ നടത്താത്തതുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന നിലപാടാണ് ജനറൽ കൗൺസിൽ യോഗങ്ങളിൽ സർവകലാശാല അധികൃതർ സ്വീകരിച്ചിരുന്നത്.