പുതുക്കാട്: ജില്ലയിലെ ഓട്ടു കമ്പനി തെഴിലാളികളുടെ ബോണസ് നിശ്ചയിക്കാനുള്ള അനുരഞ്ജന ചർച്ച മൂന്നാം തവണയും പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ടതോടെ തർക്കം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർക്ക് വിടുകയാണെന്ന് ജില്ലാ ലേബർ ഓഫീസർ കെ. എസ് സുജിത് തൊഴിലാളി യൂണിയനെയും മാനേജ്‌മെന്റ് പ്രതിനിധികളെയും അറിയിച്ചു. പതിമൂന്ന് ശതമാനം ബോണസ് നൽകുകയുള്ളെന്ന് ഉടമകളും പതിനേഴര ശതമാനം ബോണസെങ്കിലും ലഭിക്കണമെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികളും നിലപാടെടുത്തതോടെയാണ് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത മൂന്നാമത്തെ ചർച്ചയും പരാജയപ്പെട്ടത്. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി ചന്ദ്രൻ, എൻ .എൻ ദിവാകരൻ, കെ.വി. പുഷ്പാകാരൻ, ആന്റണി കുറ്റൂക്കാരൻ, സി .ഒ ആന്റോ, പി .ജി മോഹനൻ, കെ.എം അക്ബർ, പി.ഗോപിനാഥൻ പങ്കെടുത്തു. ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ. മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്, സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, കെ.എസ്. ബാബു എന്നിവർ പങ്കെടുത്തു.