
അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം
തൃശൂർ : തൃശൂർ പൂരം അലങ്കോലമായതിൽ പൊലീസിന് പങ്കുണ്ടെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും തൃശൂരിലെ ഇടത് ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന സുനിൽകുമാർ ആവശ്യപ്പെട്ടു. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങൾ തോൽവിക്ക് പ്രധാന കാരണമായെന്ന് സി.പി.ഐ വിലയിരുത്തിയിരുന്നു.
റിപ്പോർട്ട് വന്നാലേ പിന്നിൽ ചേരയാണോ മൂർഖനാണോ എന്നറിയൂ. എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടോയെന്ന് നേരിട്ടറിയില്ല. പി.വി. അൻവർ പറഞ്ഞ വിവരമേയുള്ളൂ.
പൂരം നടത്തിപ്പിന് നേതൃത്വം നൽകിയ ചിലരും അലങ്കോലമാക്കിയതിന് ഉത്തരവാദിയാണ്. അത് ആരായാലും പുറത്തുവരണം. ഇടതു സ്ഥാനാർത്ഥിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ഈ സംഭവം രാഷ്ട്രീയമായി ഉപയോഗിച്ചവരുടെ മൗനം സംശയാസ്പദമാണ്. അന്വേഷിക്കാൻ മുഖ്യമന്ത്രി എ.ഡി.ജി.പിയെയാണ് ചുമതലയേൽപ്പിച്ചത്. നാല് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. സുനിൽകുമാറുമായുള്ള അഭിമുഖത്തിൽ നിന്ന്.
റിപ്പോർട്ട് വൈകുന്നതിൽ ഗൂഢാലോചനയുണ്ടോ?
ഉണ്ട്. വസ്തുത ജനങ്ങളറിയണം. പകൽ പൂരത്തിന്റെ ഒരു ചടങ്ങിനുമെത്താത്ത ബി.ജെ.പി സ്ഥാനാർത്ഥി പുലർച്ചെ മൂന്നോടെ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളുമെത്തി.
പൊലീസുമായി തർക്കമുണ്ടായിരുന്നല്ലോ?
സർക്കാരോ പൊലീസോ പൂരം നിറുത്താൻ ആവശ്യപ്പെട്ടിട്ടില്ല. പാറമേക്കാവിന്റെ പൂരം നടന്ന് വെടിക്കെട്ടിലേക്ക് കടക്കുന്ന സമയത്ത് തിരുവമ്പാടിയുടെ പന്തലിലെ ലൈറ്റ് ഒഫ് ചെയ്യാൻ പറഞ്ഞതാരാണ് ?. മേളം നിറുത്താൻ തീരുമാനിച്ചതാരാണ് ?. പൊലീസ് കെട്ടിയ വടം പൊട്ടിച്ചെന്ന് പറയുന്നുണ്ട്. അതിന്റെ പേരിൽ എഴുന്നെള്ളിപ്പ് നിറുത്തിവച്ചതെന്തിന്?
പ്രശ്‌നം സർക്കാരിനും തലവേദനയായല്ലോ?
പൂരം കലക്കിയവർ അതിന്റെ ഉത്തരവാദിത്വം സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും തലയിൽ കെട്ടിവച്ചു. പൂരം നിറുത്താൻ പാറമേക്കാവിലും സമ്മർദ്ദം ചെലുത്തിയെങ്കിലും അവർ വഴങ്ങിയില്ല. പകൽപ്പൂരവും മുടക്കാനും ശ്രമിച്ചു.
എൽ.ഡി.എഫിന്റെ തോൽവിക്ക് ഇതുമാത്രമാണോ കാരണം?
ഇത് പ്രധാനഘടകമാണ്. എൽ.ഡി.എഫും ഞാനുമാണ് ബോധപൂർവം പൂരം കലക്കിയതെന്ന് അത് ചെയ്തവർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിപ്പിച്ചു. പൂരവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ച ചർച്ചയിൽ പോലും പങ്കെടുക്കാത്തവരാണിവർ. എനിക്കെതിരെ ജനവികാരം ഇളക്കിവിടുകയായിരുന്നു.