jh

തൃശൂർ : ശിവശങ്കറിനെയും എ.ഡി.ജി.പി അജിത് കുമാറിനെയുംപോലെ പിണറായി വിജയനെയും കൊണ്ട് തെറ്റ് ചെയ്യിപ്പിച്ച അദൃശ്യശക്തികളെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

പിണറായി വിജയൻ മാർക്‌സിസ്റ്റാണെങ്കിൽ അൻവറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണം. അതിന് സൂപ്പർ മുഖ്യമന്ത്രി മുഹമ്മദ് റിയാസ് അനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ഭരണം ആരാണ് നിയന്ത്രിക്കുന്നതെന്ന് പൊതുസമൂഹത്തോട് പാർട്ടി നേതൃത്വം തുറന്നുപറയണം. രാവിലെ എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ മുഖ്യമന്ത്രി പിന്നീട് നിലപാട് മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം. സി.പി.എമ്മിൽ ഇന്നത്തെ സംസ്ഥാന സെക്രട്ടറി അടിമയായും പിണറായി വിജയൻ ഉടമയായും നിൽക്കുകയാണ്.

പൊലീസിന്റെയും വിജിലൻസിന്റെയും ആഭ്യന്തര വകുപ്പിന്റെയും തലവനായ താൻതന്നെ എല്ലാം അന്വേഷിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നയംമാറ്റാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെങ്കിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ അന്തകവിത്തായി പിണറായി മാറും.

ഇത്രയും നെറികേടുകൾ നടന്നിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മൗനം പാലിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.