1

തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തോടെ ഒഴിഞ്ഞ പൂരവിവാദം കൊഴുപ്പിച്ച് ഇടത് മുന്നണി സ്ഥാനാർത്ഥിയും കോൺഗ്രസും രംഗത്ത്.
ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പരസ്യമായി വിമർശിച്ച് സി.പി.ഐ നേതാവ് വി.എസ്.സുനിൽ കുമാർ രംഗത്തെത്തിയതും സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണ് പിന്നിലെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല, പൂരം നടത്തിപ്പിന് നേതൃത്വം നൽകിയ ചിലരും പൂരം അലങ്കോലമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വി.എസ്.സുനിൽകുമാർ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കിയത്. രാത്രിപ്പൂരമാണ് നിറുത്തിയത്. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയെ രാത്രി സേവാഭാരതിയുടെ ആംബുലൻസിലെത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പിണറായി വിജയന്റെ അറിവോടെ എ.ഡി.ജി.പി അജിത്ത് കുമാറാണ് പൂരം കലക്കിയതെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ആരോപിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള നാടകത്തിന്റെ ഭാഗമായിരുന്നു ഇത്. കരുവന്നൂർ കേസിൽ കേന്ദ്ര അന്വേഷണമുണ്ട്. വിഷയം ഒത്തുതീർക്കാനാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നാണ് ആരോപണം. രമേശ് ചെന്നിത്തലയടക്കം പൂരത്തിന്റെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യവുമായി രംഗത്തെത്തി.


ഗൂഢാലോചന സംശയിക്കുന്നു : തിരുവമ്പാടി

അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നിൽ പൊലീസ് മാത്രമല്ലെന്നും മറ്റ് ചിലരുമുണ്ടെന്നുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ സംശയിക്കുന്നതായി സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വത്തിലുണ്ട്. പൂരത്തെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു.

ബിനോയ് വിശ്വത്തെ വിളിക്കണമെന്ന് ശോഭ

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പി പൂരം കലക്കാൻ പരിശ്രമിച്ചുവെന്നാണ് ആരോപണമെങ്കിൽ വി.എസ്.സുനിൽകുമാർ അടിയന്തരമായി ബിനോയ് വിശ്വത്തെ ഒന്നു വിളിക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടിമയായിട്ടുള്ള എ.ഡി.ജി.പി പൂരം കലക്കാൻ എന്തിനാണ് പരിശ്രമിച്ചതെന്ന് എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്താൽ ഉത്തരം കിട്ടും

പാപഭാരത്തിൽ നിന്ന് കൈകഴുകാൻ ശ്രമം

ഗൂഢാലോചന നടത്തിയത് ഇടത് നേതാക്കളാണ്. അതിൽ മന്ത്രി രാജനും സുനിൽ കുമാറും പങ്കാളികളാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും തകർത്ത് നിരീശ്വരവാദ സമൂഹത്തെ സൃഷ്ടിക്കലാണവരുടെ ലക്ഷ്യം. പൂരം അലങ്കോലമാക്കിയ പാപഭാരത്തിൽ നിന്ന് കൈകഴുകാനും സുരേഷ് ഗോപിയെ അപമാനിക്കാനുമാണ് ശ്രമിക്കുന്നത്.