gokarting
കാർ ഉണ്ടാക്കി ഒമ്പതാം ക്ലാസുകാരൻ

കൈപ്പറമ്പ്: ചുരുങ്ങിയ ചെലവിൽ സ്വന്തമായി ഗോ കാർട്ടിംഗ് കാർ നിർമ്മിച്ച് ഒമ്പതാം ക്ലാസുകാരൻ. കൈപ്പറമ്പ് സ്വദേശിയായ ആര്യദേവാണ് ഒരു കാറിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും ഗോ കാർട്ടിംഗ് കാർ നിർമ്മിച്ചത്. ബാറ്ററിയിലാണ് കാറിന്റെ പ്രവർത്തനം. സ്റ്റിയറിംഗ്, ആക്‌സിലേറ്റർ, ഗിയർ, റിവേഴ്‌സ് ഗിയർ, ബ്രേക്ക്, ലൈറ്റ്, ഹോൺ, സ്വീറ്റ് ബെൽറ്റ് തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പട്ടാളത്തിൽ നിന്നും പർച്ചേസ് ചെയ്ത മെറ്റീരിയസ് ഉപയോഗിച്ചാണ് ഏകദേശം ഇരുപതിനായിരം രൂപ ചെലവിൽ കാറിന്റെ രൂപകൽപ്പന.
മഴുവഞ്ചേരി ഭാരതീയ വിദ്യ വിഹാർ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യ ദേവ്. സ്‌കൂളിൽ 7 ന് നടക്കുന്ന എക്‌സിബിഷന് പ്രദർശിപ്പിക്കാനാണ് കാർ നിർമ്മിച്ചത്. വിയ്യൂര് നെല്ലിക്കാടുള്ള വെൽഡിംഗ് തൊഴിലാളികളായ ദിലീപ്, ശരത്ത് എന്നിവരുടെ സഹായത്താലാണ് ഇതിന്റെ വെൽഡിംഗ് പണികൾ പൂർത്തീകരിച്ചത്. കൈപ്പറമ്പ് സ്വദേശികളായ മമ്പറമ്പിൽ ഗിരീഷ് -ദിനി ദമ്പതികളുടെ മകനാണ് ആര്യദേവ്.


സ്വന്തമായി കാർ നിർമ്മിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഏകദേശം രണ്ടാഴ്ചത്തെ പ്ലാനിംഗും രണ്ട് ആഴ്ചത്തെ കഠിന പരിശ്രമവുമാണ് കാർ നിർമ്മാണത്തിന് പിന്നിൽ. ഇലക്ട്രിക്ക് കാറിലെ മോട്ടോർ ഘടിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
ആര്യദേവ്

യൂട്യൂബുകളിൽ വീഡിയോകളാണ് കാർ ഉണ്ടാക്കാൻ പ്രേരണയായത്. അവന്റെ ആഗ്രഹത്തിന് അനുസരിച്ച് എല്ലാ വിധ സപ്പോർട്ടും ഞങ്ങൾ നൽകുന്നുണ്ട്.

ദിനി

ആര്യദേവിന്റെ അമ്മ