കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ ലിഫ്ട് പ്രവർത്തിക്കാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുമൂലം ഓഫീസുകളിലേക്ക് എത്തുന്ന വൃദ്ധരും ഗർഭിണികളും അവശരുമായ സാധാരണക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 22 ഓളം ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ 200 ഓളം ജീവനക്കാരുണ്ട്. ഇവരിലെ വികലാംഗരായ ജീവനക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ ഉൾപ്പെടും.

മൂന്ന് നിലകളുള്ള സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിലാണ് താലൂക്ക് ഓഫീസ്, രജിസ്ട്രേഷൻ ഓഫീസ് എന്നിവയുള്ളത്. നൂറുകണക്കിന് ആവശ്യക്കാർ എത്തുന്ന സിവിൽ സ്റ്റേഷനിലെ ലിഫ്ട് അറ്റകുറ്റപ്പണികൾ ചെയ്ത് പ്രവർത്തന യോഗ്യമാക്കണമെന്ന് ജീവനക്കാർ തഹസിൽദാറെ അറിയിച്ചിട്ടുണ്ട്.

ഇതുപ്രകാരം തൃശൂരിലെ പൊതുമരാമത്ത് (ഇലക്ട്രിക്കൽ) വകുപ്പിനെ തഹസിൽദാർ അറിയിച്ചെങ്കിലും നടപടികൾ നീണ്ടുപോകുകയാണ്. ലിഫ്ട് കമ്പനിയാണ് അറ്റകുറ്റപ്പണികൾ നിർവഹിക്കേണ്ടതെങ്കിലും അവർ എത്തുന്നില്ലെന്നാണ് പരാതി. പലതവണ തകരാറിലായ ലിഫ്ട് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന ആവശ്യം എൻ.ജി.ഒ യൂണിയനും ഇതിനകം ഉയർത്തിയിട്ടുണ്ട്.

ജീവനക്കാർക്കും പെടാപ്പാട്

രണ്ട് പൂർണ ഗർഭിണികൾ, രണ്ട് വികലാംഗർ, ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി എന്നിങ്ങനെ അഞ്ച് ജീവനക്കാർ സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലുമായുണ്ട്.

സിവിൽ സ്റ്റേഷനിൽ ഓഫീസുകൾ

ഒന്നാം നിലയിൽ

താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, രജിസ്‌ട്രേഷൻ ഓഫീസ്, ആർ.ടി.ഒ ഓഫീസ്, പി.ഡബ്ളിയു.ഡി ഓഫീസ്, എ.ഇ ഓഫീസ്, ക്ഷീരവികസന ഓഫീസ്

മൂന്നാം നിലയിൽ

ലേബർ ഓഫീസ്, വ്യവസായ ഓഫീസ്, കയർ ഓഫീസ്