
തൃശൂർ : ജാതി സെൻസസ് വിഷയത്തിൽ മുഖ്യമന്ത്രി ആർ.എസ്.എസിന്റെ സമാന നിലപാടാണ് സ്വീകരിച്ചതെന്ന് തൃശൂരിൽ ചേർന്ന ദളിത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം ആരോപിച്ചു. ആരുടെയൊക്കെയോ അപ്രീതി ഉണ്ടാകുമെന്ന ഭയത്താലാണ് സർക്കാർ ഒളിച്ചുകളിക്കുന്നത്. സി.പി.എമ്മിന്റെ ദേശീയ നിലപാടുകളിൽ നിന്നും വിപരീതമാണ് ഈ നയം. സുപ്രീംകോടതിയിൽ ഇന്ത്യയിലെ പട്ടിക വിഭാഗങ്ങൾക്ക് ദോഷം ഉണ്ടാക്കുന്ന മേൽത്തട്ട് സംവരണ വിധി വന്നിട്ട് ഇടതുപക്ഷം ഇതിനെതിരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. വിധി മറികടക്കാനുള്ള നിയമനിർമ്മാണം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഒമ്പതിന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. യോഗം സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. അജിത്ത് മാട്ടൂൽ, പ്രേം നവാസ്, വി.ടി.സുരേന്ദ്രൻ, ഇ.എസ്.ബൈജു, വാസു കോട്ടോൽ എന്നിവർ പ്രസംഗിച്ചു.