
കോലഴി: വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകനായി കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് കുന്നിൽ വീട്ടിൽ ലതയെയാണ് (45) കോലഴി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി. നിധിനും സംഘവും ചേർന്ന് പിടികൂടിയത്.
കാപ്പ കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഹരികൃഷ്ണന് ജയിലിൽ കഞ്ചാവ് നൽകാൻ ഒരാളെത്തുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ലതയുടെ ഹാൻഡ് ബാഗിൽ നിന്ന് 80ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പരിശോധന മറികടക്കാനാണ് ജയിലിലുള്ളവർക്ക് മയക്കുമരുന്നെത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത്.
ശരീരത്തിൽ ഒളിപ്പിച്ചും മയക്കുമരുന്ന് കടത്താൻ ശ്രമിക്കാറുണ്ട്. എക്സൈസ് സംഘത്തിൽ ഗ്രേഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം. സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ എം.എസ്. സുധീർകുമാർ, എം.എസ്. ജിതേഷ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. അമിത, വി.സി. സോന ഉണ്ണി എന്നിവരുമുണ്ടായിരുന്നു.