വരന്തരപ്പിള്ളി: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്നലെ രാവിലെ 11 ന് ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 1.15 ഘനമീറ്റർ എന്ന തോതിൽ കുറുമാലി പുഴയിലേയ്ക്ക് ജലം കൂടുതലായി എത്തും. ഇതുമൂലം പുഴയിൽ നാല് സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. കരുവന്നൂർ, കുറുമാലി പുഴകളുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ തുറന്നു വിടുന്നതിനേക്കാൾ കൂടുതൽ വെള്ളം ഡാമിൽ ഒഴുകി എത്തുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഓണം വരെ ജലം തുറന്ന് വിടുമെന്ന് ഡാം അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ 11 ന് ഡാമിലെ ജലനിരപ്പ് 73.13 മീറ്ററാണ്. ഡാമിൽ76.7 മീറ്റർ വെള്ളം സംഭരിക്കാനാണ് അതോററ്റിയുടെ അനുമതിയുള്ളത്