ചാലക്കുടി: കൊമ്പുകൾ മുറിക്കുന്നതിനിടെ പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്‌നിശമന വിഭാഗം അതിസാഹസികമായി രക്ഷപ്പെടുത്തി. മേലൂർ കല്ലുത്തി കോഴിപ്പുള്ളൻ ബേബി(49)യാണ് കൈയ്ക്ക് ഒടിവ് പറ്റി മരത്തിന് മുകളിൽ കുടുങ്ങിയത്. തുരുത്തുമ്മൽ കല്യാണിയുടെ വീട്ടുപറമ്പിലെ മഹാഗണി മരം മുറിക്കുന്നതിനാണ് ബേബി മുകളിൽ കയറിയത്. അമ്പതടിയോളം ഉയരമുള്ള മരത്തിന്റെ ചില്ലകളെല്ലാം മുറിക്കുന്നതിടിയിൽ ശിഖരം തട്ടി പരിക്കേൽക്കുകയായിരുന്നു. വലത് കൈ ഒടിയുകയും ഇടത് കൈയുടെ വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു. സുരക്ഷയ്ക്ക് ബേബി മരത്തിൽ ചേർത്ത് വടം കെട്ടിയിരുന്നു. വിവരമറിഞ്ഞ് ചാലക്കുടി സ്റ്റേഷൻ അഗ്‌നിശമന വിഭാഗം ബേബിയെ താഴെയിറക്കുകയായിരുന്നു.
ഒന്നര മണിക്കൂറോളം മരത്തിന് മുകളിലിരുന്ന ബേബിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനിൽ മോഹൻ, രോഹിത് കെ.ഉത്തമൻ, അസി.സ്‌റ്റേഷൻ ഓഫീസർ ടി.സന്തോഷ്‌കുമാർ,ടി.ഡി.ദീപു,സുരാജ്കുമാർ, ആർ.എം.നിമേഷ്, പി.ഒ.വർഗീസ്, ഹരിലാൽ, ബാബു ജോൺ,സി.എസ്.വിനോദ്, കെ.ഗിരീഷ് കുമാർ,സി.എസ്.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.