baiju

തൃശൂർ: വൈകിട്ട് നാലായാൽ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു (ദേവസി-42) ഓട്ടോ ഡ്രൈവറുടെ കുപ്പായമിടും. പിന്നെ ഓട്ടോറിക്ഷയുമായി ടൗണിലേക്ക്. രാത്രി 11 വരെ ഓടും. ഇന്ധനച്ചെലവ് കഴിച്ച് 500 രൂപ കിട്ടും. പഞ്ചായത്ത് പ്രസിഡന്റിനുള്ള 14,320 രൂപ ഓണറേറിയവുമുണ്ട്.

തിരൂർ പൂമല റോഡ് കൊള്ളന്നൂർ വീട്ടിൽ ബൈജുവിന് വഴികളെല്ലാം സുപരിചിതമാണ്. രണ്ടാം തവണയാണ് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ഐ.ടി.ഐ ഇലക്ട്രിക്കൽ ട്രേഡ് കഴിഞ്ഞ ബൈജുവിന് ഔദ്യോഗിക തിരക്ക് കാരണം ആ ജോലി ചെയ്യാനാകില്ല. മറ്റ് വരുമാനമില്ലാത്തതു കൊണ്ടാണ് ഓട്ടോ ഓടിക്കുന്നത്. ഒരു മാസം മുമ്പാണ് വ്യവസായ വകുപ്പിൽ നിന്ന് പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) 2.93 ലക്ഷം വായ്പയെടുത്ത് ഓട്ടോ വാങ്ങിയത്. 35 ശതമാനം സബ്‌സിഡിയുണ്ട്.

 ആദ്യം സെക്കൻഡ് ഹാൻഡ് ഓട്ടോ

2010ലാണ് ബൈജു പഞ്ചായത്തംഗമായത്. 2012-2015 കാലത്ത് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പ്രസിഡന്റുമായി. തുടർന്ന് സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങിച്ചെങ്കിലും പിന്നീടത് വിറ്റു. കഴിഞ്ഞതവണ സ്വതന്ത്രനായി ജയിച്ചാണ് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായത്. അവിവാഹിതനായ സഹോദരൻ വർഗീസിനും അമ്മ കുഞ്ഞിലയ്ക്കുമൊപ്പം കുടുംബസമേതമാണ് താമസം. ഭാര്യ സിമി വീട്ടമ്മയാണ്. മക്കൾ: നിയ ജേക്കബ് (നാലാം ക്ളാസ്), നോയൽ ജേക്കബ് (ഒന്നര വയസ്).

'തിരക്ക് കാരണം ചില ദിവസങ്ങളിൽ ഓട്ടോ ഓടിക്കാനാകില്ല. ഓടുന്ന ദിവസങ്ങളിലെ വാടകപ്പണം ഒരാശ്വാസമാണ്".

- ബൈജു