1

തൃശൂർ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യവും മറ്റ് ലഹരിഉത്പന്നങ്ങളും തടയുന്നതിന്റെ ഭാഗമായി ഹൈവേയിൽ വാഹന പരിശോധന ശക്തമാക്കും. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും രാവും പകലും നിരീക്ഷണം നടത്തും. രണ്ട് മേഖലകളായി തിരിച്ച് രണ്ട് വാഹനങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെങ്കിലും പരിശോധനയ്ക്കുണ്ടാകും. ഏത് സമയത്തും വിവരം കിട്ടിയാൽ പരിശോധന നടത്താനും നടപടിയെടുക്കാനും കഴിയും. ഓണം പോലുള്ള വിശേഷ അവസരങ്ങളിലാണ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് വ്യാപകപരിശോന നടത്തുക. അതോടൊപ്പം ഐ.ബി സംഘവും സ്‌പെഷ്യൽ സ്‌ക്വാഡും രഹസ്യമായി വിവരങ്ങൾ ശേഖരിക്കും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബുകളും സജീവമാണ്.

അഞ്ഞൂറിലേറെ കേസുകൾ

എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശാനുസരണമുള്ള ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലയിലുടനീളം വ്യാപക പരിശോധനകളിലും റെയ്ഡുകളിലായി 75 അബ്കാരി കേസുകളും 32 എൻ.ഡി.പി.എസ് കേസുകളും 434 കോട്പ കേസുകളും എക്‌സൈസ് കണ്ടെത്തി. ജില്ലാ എക്‌സൈസിന്റെ മേൽനോട്ടത്തിൽ നടത്തിയ 703 റെയ്ഡുകളിലും വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളെ ഉൾപ്പെടുത്തി നടത്തിയ 9 സംയുക്ത റെയ്ഡുകളും, 44 ബൈക്ക് പട്രോളിംഗ്, 1953 വാഹന പരിശോധനകളിലുമായി നൂറ്റിപ്പത്തോളം കേസുകളും കണ്ടെത്തി.

പിടിച്ചെടുത്തത്:

475 ലിറ്റർ വാഷ്,

16 ലിറ്റർ ചാരായം,

214 ലിറ്റർ അനധികൃത വിദേശമദ്യം

13.5 ലിറ്റർ അരിഷ്ടം

528 ലിറ്റർ കള്ള്

430 ഗ്രാം കഞ്ചാവ്
.392 ഗ്രാം മെത്താംഫിറ്റമിൻ

കഞ്ചാവ് ചെടികൾ

പുകയില ഉത്പന്നങ്ങൾ, വാഹനങ്ങൾ


204 സാമ്പിളുകൾ പരിശോധിക്കും

6150 രൂപ പണമായും 86,800 രൂപ പുകയില വസ്തുക്കൾ പിടിച്ചെടുത്തതിൽ പിഴയായും ഈടാക്കിയിട്ടുണ്ട്. വ്യാജ മദ്യം, കള്ള്, അരിഷ്ടം എന്നിവയുടെ ലഭ്യത തടയുന്നതിന് രാസപരിശോധനയ്ക്കായി കള്ളിന്റെയും മദ്യത്തിന്റെയും 204 സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ഓണത്തോടനുബന്ധിച്ചു എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൈവേയിൽ വാഹനപരിശോധനയും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യുണിറ്റുകളുമുണ്ട്.

- എച്ച്. നൂറുദ്ദീൻ, അസി. എക്‌സൈസ് കമ്മിഷണർ


വിവരം നൽകാം:

മദ്യം മയക്കുമരുന്ന് എന്നിവ സംബന്ധിച്ച പരാതികളും സുപ്രധാന വിവരങ്ങളും തൃശൂർ എക്‌സൈസ് ജില്ലാ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിക്കാം. നമ്പർ: 0487 2361237.