വടക്കാഞ്ചേരി: വനവിഭവങ്ങൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള വരുമാന മാർഗ്ഗങ്ങൾ അടഞ്ഞതോടെ, ചോർന്നൊലിക്കുന്ന വീടുകളിൽ കുട ചൂടി ജീവിതം തള്ളിനീക്കുകയാണ് തെക്കുംകര പഞ്ചായത്തിലെ വാഴാനി കാക്കിനിക്കാട് ആദിവാസി ഉന്നതിയിലെ കുടുംബങ്ങൾ. പിന്നാക്ക ക്ഷേമത്തിന് കോടികൾ ചെലവഴിക്കുമ്പോഴും മൺചുമരുകൾ വിണ്ടുകീറിയും മേൽക്കൂര തകർന്നും അഞ്ച് വീടുകളാണ് ശോചനീയാവസ്ഥയിലുമാണ്. ശക്തമായ മഴയിൽ ദുർബലാവസ്ഥയിലായ വീടുകൾ ഏതുനിമിഷവും തകരുമെന്ന ഭയത്തിലാണ് ഇവരുടെ വാസം. 12 വീടുകളാണ് ഇവിടെയുള്ളത്.

സുരക്ഷിതമല്ലാത്ത വീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് നിർദ്ദേശം നൽകിയ അധികൃതർ മറ്റ്‌നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. വനത്തിൽ ആനക്കൂട്ടം വിഹരിക്കുന്നതിനാൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട് കയറാനുള്ള ഭയമാണ് ഇവരുടെ ഉപജീവനമാർഗ്ഗം അടച്ചത്. തൊഴിലുറപ്പും, ഫയർ ലൈൻ തെളിക്കലും ഇപ്പോഴില്ലാത്തതും വരുമാനം മുട്ടിച്ചു. മറ്റൊരു വരുമാന മാർഗ്ഗമായ വാഴാനി ഡാം ജലാശയത്തിലെ മത്സ്യക്കൃഷി ഇറിഗേഷൻ- വനം വകുപ്പുകളുടെ പോര് മൂലം ഇല്ലാതായി. ഡാമിൽ ഇപ്പോൾ മത്സ്യക്കൃഷിക്ക് അനുമതിയുമില്ല. ഡാം ജലാശയത്തിന്റെ ഭൂരിഭാഗവും വനം വകുപ്പിന്റെ അധീനതയിലാണ്. ഉടമസ്ഥാവകാശം ഇറിഗേഷൻ വകുപ്പിനും. കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ജലാശയത്തിൽ കൃഷി ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ ഉത്തരവ്. ഇവരുടെ ക്ഷേമത്തിനായി മുൻ ഫിഷറീസ് മന്ത്രി എം.ടി.പത്മയുടെ കാലത്ത് രൂപീകൃതമായ ഹരിജൻ ഗിരിജൻ ഫിഷറീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനവും നിലച്ചു.


പുനരധിവാസത്തിന് ഒന്നരക്കോടി

ഉന്നതിയുടെ വികസനത്തിനും കുടുംബങ്ങളുടെ പുനരധിവാസത്തിനും ട്രൈബൽ ഫണ്ടിൽ നിന്നും ഒന്നരക്കോടി അനുവദിച്ചതായി പറയുമ്പോഴും ഇതുവരെ ഒരു പ്രവർത്തനവും നടന്നിട്ടില്ല. 13 വർഷം മുമ്പ് സർക്കാർ നിർമ്മിച്ച് നൽകിയ ഓട് വീടാണ് എല്ലാം. പാഴ് മരങ്ങൾ കൊണ്ടുള്ള ഉത്തരങ്ങളും പട്ടികയും തേയ്ക്കാത്ത ഹോളോ ബ്രിക്‌സ് കട്ട ചുമരുകളുമുള്ള വീട്ടിലാണ് ജീവിതം തള്ളിനീക്കുന്നത്.


വീട് തകർന്നു: കുടുംബം രക്ഷപ്പെട്ടു
ശക്തമായ മഴയെ തുടർന്ന് ആദിവാസി ഉന്നതിയിലെ മാധവന്റെ മകൾ പത്മിനിയുടെ വീട് തകർന്നു. ലീഗൽ സർവീസസ് അതോറിറ്റി കഴിഞ്ഞ വർഷം വടക്കാഞ്ചേരിയിൽ നടത്തിയ ലോക് അദാലത്തിൽ ചോർന്നൊലിക്കുന്ന വീടുകൾക്ക് മുകളിൽ അടിയന്തരമായി ടാർപോളിൻ ഷീറ്റുകൾ വിരിച്ചു നൽകണമെന്ന് പഞ്ചായത്തിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. റവന്യൂ ആദിവാസി ക്ഷേമ വകുപ്പുകൾക്ക് നിരവധി നിവേദനം നൽകിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആദിവാസി സമൂഹം പറയുന്നു.