പാവറട്ടി: മണലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും യാത്രാക്ലേശമുള്ള റൂട്ട് കണ്ടെത്തി, ബസ് സർവീസ് നടത്താൻ പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒക്ക് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുഗതാത സംവിധാനവുമായി ബന്ധപ്പെട്ട് മണലൂർ നിയോജക മണ്ഡലം ജനകീയ സദസിലാണ് നിർദ്ദേശം ഉയർന്നത്. പൊതുജനങ്ങളിൽ നിന്നും വാർഡ് അംഗങ്ങൾ മുഖാന്തരം നിർദ്ദേശം സ്വീകരിച്ചാകും തീരുമാനമെടുക്കുക. യാത്രായോഗ്യവും എന്നാൽ വാഹനസൗകര്യം ഇല്ലാത്തതുമായ റൂട്ട് കണ്ടെത്തി മുൻഗണനാക്രമത്തിലുള്ള പട്ടിക തയ്യാറാക്കി ആവശ്യമുള്ള ബസുകളുടെ എണ്ണം അവയുടെ സമയക്രമം എന്നിവ നിജപ്പെടുത്തി കൃത്യമായി രേഖപ്പെടുത്തും. റൂട്ടുകൾ ലേലത്തിൽ എടുക്കുന്ന സംരംഭകർക്ക് ബസ് സർവീസ് നടത്തി പോകണമെങ്കിൽ നഷ്ടമുണ്ടാകാത്ത തരത്തിലുള്ള സമയക്രമം അനുവദിക്കണം. യാത്രക്കാരുടെ ആവശ്യവും പ്രത്യേകം പരിഗണിക്കണം. ഇതുപ്രകാരം ശുപാർശ ചെയ്യപ്പെടുന്ന റൂട്ടുകളുടെ പട്ടിക ജില്ലാതലത്തിലുള്ള ആർ.ടി.ഒ സെക്‌ഷനിൽ പരിശോധിച്ച് ശുപാർശകളോടെ സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് സമർപ്പിക്കും. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ റൂട്ടുകളെ ഫോർമലേറ്റ് ചെയ്യുകയും ഗസറ്റിൽ വിജ്ഞാപനം നടത്തുകയും ചെയ്യും. ഓരോ റൂട്ടിനും മോട്ടോർ വകുപ്പ് നിശ്ചിത വില നിർണയിക്കും. ഒരേ റൂട്ടിന് ഒന്നിലേറെ പേർ വന്നാൽ ലേലം നടത്തി ഉയർന്ന തുക നൽകുന്നയാളിന് പെർമിറ്റ് നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതി വേണുഗോപാൽ, കെ.സി.പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത അജയകുമാർ, സൈമൺ തെക്കത്ത്, ശാന്തി ഭാസി, കൊച്ചപ്പൻ വടക്കത്ത്, ശ്രീദേവി ജയരാജൻ, എം.എം.രജീന, രേഖ സുനിൽ തുടങ്ങിയവർ പങ്കെടുത്തു