മാള : പൊയ്യ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള താണിക്കാട് പാറക്കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ സമീപത്തെ രണ്ട് വീടുകൾ അപായ ഭീഷണിയിലായി. കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയുടെ ഒരു ഭാഗമാണ് കനത്ത മഴയിൽ തകർന്ന് വീണത്. സംരക്ഷണ ഭിത്തി തകർന്നതോടെ മഴ കനത്താൽ വീട്ടിലേക്ക് വെള്ളം കയറുമോയെന്ന ഭീഷണിയിലാണ് സമീപത്തെ വീട്ടുകാർ. കുറ്റിപ്പുഴക്കാരൻ സാജി സുബ്രഹ്മണ്യൻ, വലിയകത്ത് ബീവി ബാവ എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലുള്ളത്. പൊയ്യ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും ആഴമേറിയതും വെള്ളം യഥേഷ്ടവുമുള്ള കുളമാണിത്. കനത്ത മഴയിൽ വെള്ളം വീണ്ടും ഉയർന്നാൽ വീടുകൾക്ക് അപായ സാദ്ധ്യത ഏറെയാണ്. ഇവിടെ സംരക്ഷണ ഭിത്തി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളൊന്നും പിന്നീടുണ്ടായില്ല. മഴക്കാലത്ത് പാറക്കുളം കവിഞ്ഞ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ വെള്ളമൊഴുകി പഞ്ചായത്ത് തോട്ടിലെത്തി പടിഞ്ഞാറൻ മുറി പാടശേഖരത്തിലാണ് എത്താറുള്ളത്. ഇവിടെ തോട് കെട്ടി സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യവും ഇന്നും നടപ്പാകാതെ അവശേഷിക്കുകയാണ്. കുളത്തിന്റെ അപകട ഭീഷണി ഒഴിവാക്കാൻ പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരിൽ നിന്നും ഉയരുന്ന ആവശ്യം.
സംരക്ഷണ ഭിത്തി തകർന്ന വിവരം പഞ്ചായത്ത്, വില്ലേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
- വർഗീസ് കാഞ്ഞൂത്തറ
(വാർഡ് മെമ്പർ)