rk3
പെരിഞ്ഞനം പഞ്ചായത്തിന്റെ 'കനവ്' മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുമ്പിൽ നാട്ടുകാർ തടിച്ച് കൂടിയപ്പോൾ.

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ 'കനവ്' മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വീണ്ടും സംഘർഷം. പഞ്ചായത്ത് ജീവനക്കാരിയെ പൂട്ടിയിട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പരിസര മലിനീകരണം ഉണ്ടാക്കുന്നെന്ന ജനങ്ങളുടെ പരാതി മൂലം താത്കാലികമായി അടച്ചിട്ടിരുന്ന കേന്ദ്രം ഇന്നലെ വീണ്ടും തുറന്നതാണ് സംഘർഷങ്ങൾക്ക് വഴിവച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പെട്ടി ഓട്ടോയുമായെത്തി മാലിന്യ സംസ്‌കരണ കേന്ദ്രം തുറന്ന ജീവനക്കാരിയെയാണ് നാട്ടുകാർ കേന്ദ്രത്തിനകത്ത് പൂട്ടിയിട്ട് പ്രതിഷേധിച്ചത്. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതോടെ പൊലീസ് എത്തിയാണ് ജീവനക്കാരിയെ മോചിപ്പിച്ചത്. പുറത്തിട്ടിരുന്ന പെട്ടിവണ്ടി അകത്ത് കയറ്റിയിടാൻ വേണ്ടി മാത്രമാണ് ജീവനക്കാരി എത്തിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

പൂട്ടിയത് മൂന്ന് ദിവസം മുമ്പ്

നാട്ടുകാരുടെ സമരത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്‌കരണ കേന്ദ്രം താത്കാലികമായി പൂട്ടിയത്. ഇവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്‌തേ ഇനി തുറക്കൂവെന്ന് ധാരണയുമായിരുന്നു. ഇതിനിടെ ഇന്നലെ ജീവനക്കാരിയെത്തി വീണ്ടും തുറന്നതാണ് സംഘർഷത്തിന് കാരണമാക്കിയത്.