sambhu-

തൃശൂർ: പുനരുപയോഗ സാദ്ധ്യതയില്ലാത്ത മാലിന്യങ്ങൾ ഞെരുക്കി ഒതുക്കാൻ കഴിയുന്ന പോർട്ടബിൾ ബെയിലിംഗ് യന്ത്രം എല്ലാ പഞ്ചായത്തിലും ക്‌ളീൻ കേരള കമ്പനിയെത്തിക്കാൻ തുടങ്ങിയതോടെ മാലിന്യ നീക്കത്തിന് വേഗം കൂടി. ജില്ലയിലെ മുപ്പത് ശതമാനം പഞ്ചായത്തിൽ മാത്രമാണ് യന്ത്രമുള്ളത്. ശേഷിക്കുന്ന പഞ്ചായത്തിലെ എം.സി.എഫുകളിലാണ് പോർട്ടബിൾ ബെയിലിംഗ് യന്ത്രമെത്തിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് നിഷ്‌ക്രിയ മാലിന്യം കംപ്രസ് ചെയ്ത് നേരിട്ട് സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയക്കും.
പൂർണ്ണമായും ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോർട്ടബിൾ ബെയിലിംഗ് യന്ത്രം വാങ്ങാൻ ഭൂരിഭാഗം പഞ്ചായത്തും ശ്രമമാരംഭിച്ചു. മാലിന്യനീക്കത്തിന് ഏറെ ഫലപ്രദമായ രീതിയാണിത്. എളവള്ളി പഞ്ചായത്തിലാണ് ആദ്യം പ്രവർത്തനമാരംഭിച്ചത്. മാലിന്യം കൂടുതലുള്ള പഞ്ചായത്തിലേക്കാണ് യന്ത്രമെത്തിക്കുക. ജില്ലയിൽ മൂന്നെണ്ണമാണ് കമ്പനിക്ക് സ്വന്തമായുള്ളത്. ആറ് ലക്ഷത്തോളം രൂപയാണ് ചെലവ്.

67 തദ്ദേശ സ്ഥാപനങ്ങളുമായി സഹകരണം


67 തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്ലീൻ കേരള പ്രവർത്തിക്കുന്നത്. ഹരിതകർമ്മസേന നൽകുന്ന അജൈവ പാഴ്‌വസ്തുക്കൾ പുനഃചംക്രമണം നടത്തുന്ന ഏജൻസികൾക്ക് കൈമാറുന്നതിലൂടെ ലഭിക്കുന്ന വരുമാനം സേനയ്ക്ക് നൽകുന്നുണ്ട്. ഓരോ മാസവും 10 ലക്ഷം രൂപയിലേറെ സേനയ്ക്ക് വരുമാനം നൽകാൻ ക്ലീൻ കേരള കമ്പനിക്ക് കഴിയും. പുനഃചംക്രമണം സാദ്ധ്യമല്ലാത്ത അജൈവവസ്തുക്കൾ ശാസ്ത്രീയമായ നിർമ്മാർജ്ജനം നടത്താനായി സിമന്റ് ഫാക്ടറികളിലേക്ക് ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളിൽ കൈമാറും.

ഗുണങ്ങളേറെ

പെട്ടെന്ന് കയറ്റിവിടാനും അധികദിവസം സംഭരിക്കാതിരിക്കാനുമാകും.
ഒരു മാസം കൊണ്ട് കയറ്റിവിടുന്നത് പതിനഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാം
ഹരിതകർമ്മ സേനാംഗങ്ങളുടെ അദ്ധ്വാനഭാരവും ലഘൂകരിക്കാം

അജൈവ പാഴ്‌വസ്തുക്കളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെ ജില്ലാ ഓഫീസിൽ വിളിക്കാം: 0487 2994441

ജില്ലയിൽ ശേഖരിച്ചത്:

(2023-24 കാലയളവിൽ)


നിഷ്‌ക്രിയ മാലിന്യം - 27.44 ലക്ഷം കി.ഗ്രാം
തരംതിരിച്ച പാഴ്‌വസ്തുക്കൾ - 12.96 ലക്ഷം കി.ഗ്രാം
ചില്ലു മാലിന്യം - 3.50 ലക്ഷം കി.ഗ്രാം
ഇലക്ട്രോണിക് മാലിന്യം - 25,894 കി.ഗ്രാം

ആഗസ്റ്റിൽ നീക്കിയത്

തരംതിരിച്ചത്: 1.72 ലക്ഷം കി.ഗ്രാം
നിഷ്‌ക്രിയ മാലിന്യം: 3.61 ലക്ഷം കി.ഗ്രാം
ചില്ല് മാലിന്യം: 45,565 കി.ഗ്രാം
തുണി മാലിന്യം: 25,990 കി.ഗ്രാം
മൊത്തം: 6.05 ലക്ഷം കി.ഗ്രാം

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇലക്ട്രോണിക് സ്‌ക്രാപ്പ് മാലിന്യം നീക്കം ചെയ്യുന്നതിന് കമ്പനി ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഫലപ്രദമായ സ്‌പെഷ്യൽ കളക്ഷൻ ഡ്രൈവ് നടത്തുന്നുണ്ട്.

ശംഭുഭാസ്‌കർ
ജില്ലാ മാനേജർ, ക്‌ളീൻകേരള കമ്പനി.