1

തൃശൂർ: സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദന് സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്‌കാരിക പ്രവർത്തകരും ചേർന്നു നൽകുന്ന സ്‌നേഹാദരം 'സച്ചിദാനന്ദം കാവ്യോത്സവം' 7, 8 തിയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട പൗരാവലിയും ക്രൈസ്റ്റ് കോളേജും കാവ്യശിഖ ഉൾപ്പെടെയുള്ള മുപ്പതോളം സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമാണ് ആതിഥേയത്വം വഹിക്കുന്നത്. എട്ടാം തിയതി മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കാവ്യമഹോത്സവം എം.മുകുന്ദൻ, സാറാ ജോസഫ്, പ്രൊഫ.കെ.വി.രാമകൃഷ്ണൻ, സുനിൽ പി.ഇളയിടം, അശോകൻ ചരുവിൽ, ടി.ഡി.രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഫാ.ജോയ് പീനിക്കപ്പറമ്പിൽ അനുഗ്രഹപ്രഭാഷണവും ഫാ.ജോളി ആൻഡ്രൂസ്, ഫാ.ടെജി കെ.തോമസ്, പ്രൊ.കെ.ജെ.ജോസഫ് എന്നിവർ ഗുരു വന്ദനം നടത്തും.

സച്ചിദാനന്ദന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഏഴിന് ഒരു മണിക്ക് നടക്കുന്ന 'കവിതയുടെ കലാശങ്ങൾ' എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും. എട്ടാം തീയതി വൈകിട്ട് അഞ്ചിന് സച്ചിദാനന്ദനും എം.സ്വരാജും തമ്മിലുള്ള കാവ്യ സംവാദം കാവ്യോത്സവം ഉണ്ടാകും. കാവ്യോത്സവത്തിന് മുന്നോടിയായി ഇന്ന് മുതൽ പുസ്തകോത്സവം നടക്കും. ഡോ.സി.രാവുണ്ണി, വർഗ്ഗീസാന്റണി, ഫാ.ജോളി ആൻഡ്രൂസ്, മുവിഷ് മുരളി, റാൽഫി വി.വി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.