ചാലക്കുടി: തെരുവ് നായ ശല്യം നഗരസഭയിൽ ഭരണ- പ്രതിപക്ഷ പോരിലേക്ക്. മനുഷ്യരുടെ ജീവന് ഭീഷണിയായി അലഞ്ഞ് തിരിയുന്ന തെരുവ് നായ ശല്യത്തിൽ ചെയർമാനും കൂട്ടരും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ് പൗരപ്രമുഖരുടെ യോഗം സംഘടിപ്പിച്ചിരുന്നു. അധികൃതരുടെ അനങ്ങാപ്പാറ സമീപനം തുടർന്നാൽ ബദൽ സംവിധാനം ഉണ്ടാക്കുമെന്നും ഇതിന് എല്ലാ സംഘടനകളും വാക്കാൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ ശല്യം ലഘൂകരിക്കുന്നതിന് രണ്ടുവർഷം മുമ്പ് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും എന്നാൽ അതൊന്നും കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി.