ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ അഴുക്കുചാലിൽ നിന്നും റോഡിലേക്ക് മലിന ജലം ഒഴുകുന്നു. ഇതോടെ ദുർഗന്ധവും മാലിന്യവും നിറഞ്ഞ് സൗത്ത് ജംഗ്ഷൻ ബസ് സ്റ്റാൻഡ് പരിസരം. മാസങ്ങളായി ഇതു പതിവ് കാഴ്ചയാണെന്നും
ഒഴുകുന്ന വെള്ളത്തിൽ കക്കൂസ് മാലിന്യം ഉൾപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ദേശീയപാതയിലെ സൗത്ത് മേൽപ്പാലത്തിന്റെ ഇടതുഭാഗത്തെ കാനയിൽ നിന്നുമാണ് വെള്ളം ഒഴുകുന്നത്. സ്റ്റാൻഡിൽ നിന്നുള്ള ബസുകൾ കടന്നുപോകുമ്പോൾ മലിനജലം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നുണ്ട്.
മഴയില്ലെങ്കിലും ഓടയിൽ നിന്നും വെള്ളം റോഡിലേയ്ക്ക് ഒഴുകുന്നുണ്ട്. അതുകൊണ്ട്തന്നെ ഇവിടെയുള്ള ഏതെങ്കിലും സ്ഥാപനങ്ങളുടെ കക്കൂസ് മാലിന്യം ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപണം. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന
പാതയിലെ ശോചനീയാവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
നഗരസഭയിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ നേരിൽകണ്ട് പലവട്ടം പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.
- ഓട്ടോ ഡ്രൈവർമാർ
സൗത്ത് ജംഗ്ഷനിലെ റോഡിലൂടെ ഒഴുകുന്ന ജലം ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറുകയാണ്. പൊതുനിരത്തിലേക്ക് വലിയ ജലം ഒഴുകുന്നത് സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കും.
-പോളി ഡേവിസ്,
കേരള കോൺഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ്