ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂരിൽ നിന്നും നാളത്തെ കായിക താരങ്ങളെ വളർത്തിക്കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപകനായ ബിജു ആന്റണി. പഠനകാലത്ത് കായികതാരമായതുകൊണ്ടാകാം ഈ ഏങ്ങണ്ടിയൂർ സ്വദേശി പൊലീസിലെ ജോലി ഉപേക്ഷിച്ച് അദ്ധ്യാപകനായത്. ഏങ്ങണ്ടിയൂർ സ്‌കൂൾ ഗ്രൗണ്ടിലെ പ്രാഥമിക പരിശീലനത്തിന് ശേഷം വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ വാഹനത്തിൽ തളിക്കുളം സ്‌കൂൾ ഗ്രൗണ്ടിലെത്തിച്ച് കഠിനപരിശീലനം നൽകുകയാണ് ബിജു ആന്റണി. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് സ്വന്തം കൈയിൽ നിന്ന് പണം നൽകി വേണ്ട പരിശീലനം നൽകും. ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ വർഷം മുഴുവൻ കായിക പരിശീലനം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അദ്ധ്യാപികയായ ഭാര്യ സമിത എസ്. ചെറുവത്തൂരും മക്കളായ എഡ്‌വിൻ, ഏയ്ഞ്ചലീനിയ എന്നിവരും എല്ലാവിധ പിന്തുണയും നൽകുന്നു.
സ്കൂളിന് നേട്ടമേറെ
ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്‌കൂൾ വലപ്പാട് ഉപജില്ലയിൽ കഴിഞ്ഞ വർഷവും ഈ വർഷവും ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ചതും ബിജു ആന്റണിയുടെ എടുത്തുപറയാവുന്ന നേട്ടമാണ്. 100 മീറ്റർ സ്‌കൂൾ സംസ്ഥാനതല മത്സരത്തിൽ വിജയിയായ ഇദ്ദേഹം യൂണിവേഴ്‌സിറ്റി ഡാക്കലോത്തലോണിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രാവിലെയും വൈകിട്ടും ഫുട്ബാൾ, അത്‌ലറ്റിക് പരിശീലനം മുടങ്ങാതെ നടത്തുകയാണ് ബിജു ആന്റണി.