
മാള : അമിത വേഗത്തിലെത്തിയ സ്‌കൂട്ടർ, സീബ്രാ ലൈനിലൂടെ കടന്ന മാള സെന്റ് ആന്റണീസ് സ്‌കൂളിലെ വിദ്യാർത്ഥിനികളെ ഇടിച്ചിട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സ്‌കൂളിലേക്ക് പരീക്ഷ എഴുതാൻ വന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളും കൊമ്പത്തുകടവ് കളത്തിത്തറ രാജേഷ് കുമാറിന്റെ മകളുമായ അൻവിത പുഷ്പ, വെള്ളൂർ കറുകപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകളുമായ അനഘ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. വിദ്യാർത്ഥിനികൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ട ഇരുചക്ര വാഹനയാത്രക്കാരിക്ക് വാഹനം പെട്ടെന്ന് നിറുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.