vazhukkumapara

തൃശൂർ : വിദ്യാർത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനും എല്ലാ ആഴ്ചയും കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന മുഖാമുഖത്തിൽ വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾ സംവദിക്കാനെത്തി. വിദ്യാർത്ഥികൾ കളക്ടറുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. മികച്ച വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാദ്ധ്യതകളെക്കുറിച്ചും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ പ്രവർത്തനത്തെക്കുറിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി എന്തെല്ലാം ചെയ്യാനാകുമെന്നും കളക്ടറുമായി സംസാരിച്ചു. പാണഞ്ചേരി വില്ലേജിലെ പൂവൻചിറ വെള്ളച്ചാട്ടത്തിന്റെയും പീച്ചി ഡാമിന്റെയും ടൂറിസം സാദ്ധ്യതയെക്കുറിച്ചും കളക്ടറോടു സംസാരിച്ചു. ചേംബറിൽ നടത്തിയ മുഖാമുഖത്തിൽ വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എൻ കോളേജിലെ അദ്ധ്യാപികമാരായ വി.ജി.രാഖില, കെ.എ.ബബിത എന്നിവരോടൊപ്പം 25 ബിരുദ വിദ്യാർത്ഥികളും പങ്കെടുത്തു.