post
1

അരിമ്പൂർ : എറവ് പോസ്റ്റ് ഓഫീസിൽ തപാൽ ഉരുപ്പടികൾ യഥാസമയം വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഒരു വർഷം മുമ്പ് തനിക്ക് വന്ന ഇന്റർവ്യൂ കാർഡ് എറവിലെ പോസ്റ്റ് ഓഫീസ് ജീവനക്കാർ നൽകിയില്ലെന്ന് കാട്ടി എറവ് തേമാലിപ്പുറം സ്വദേശി പാറപ്പുറത്ത് അനുപമ (29) യാണ് ഇപ്പോൾ രംഗത്തെത്തിരിക്കുന്നത്. 2023 ജൂണിൽ തൃശൂർ കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഇൻർവ്യൂവിനായി അയച്ച കത്ത് എറവ് പോസ്റ്റ് ഓഫീസിൽ നിന്നും നൽകിയില്ലെന്നാണ് അനുപമയുടെ ആക്ഷേപം. അഭിമുഖത്തിന് ക്ഷണിക്കാതായപ്പോൾ കോർപ്പറേഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ പോസ്റ്റൽ വഴി അയച്ച കത്തിന്റെ പകർപ്പ് കാണിച്ചു കൊടുത്തു. തിരികെ എറവ് ആറാംകല്ലിലെ പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു കത്ത് വന്നിട്ടില്ലെന്നാണ് ലഭിച്ച മറുപടി. ബാങ്ക് വായ്പാ കുടിശ്ശിക മൂലം ജപ്തി ചെയ്യാനിരിക്കുന്ന വീട്ടിൽ അനുപമയും ഭർത്താവും രണ്ടു കുട്ടികളുമാണുള്ളത്. ഈ ജോലി തനിക്ക് കിട്ടിയിരുന്നെങ്കിൽ കുടുംബത്തിന് ഒരു പരിധി വരെ ആശ്വാസമാകുമായിരുന്നെന്ന് അവർ പറഞ്ഞു.

വ്യാപക ആക്ഷേപം

അരിമ്പൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലുള്ള എറവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഏഴു മാസമായി പ്രവർത്തനങ്ങൾ കുത്തഴിഞ്ഞ നിലയിലാണെന്ന് വ്യാപക ആക്ഷേപമുണ്ട്. തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നില്ലെന്നും രജിസ്റ്റേർഡ് വരുന്ന ഇലക്ഷൻ ഐ.ഡികൾ അന്യവ്യക്തികളുടെ കൈവശം ഏൽപ്പിക്കുന്നതായും ആരോപണമുയരുന്നുണ്ട്. രജിസ്റ്റേർഡായി വരുന്ന പ്രധാനപ്പെട്ട രേഖകൾ ഉടമസ്ഥനില്ലെന്ന് പറഞ്ഞു മടക്കി അയച്ചത് ബാങ്കിൽ നിന്നും അഡ്രസിലുള്ള വ്യക്തി നേരിട്ടെത്തി കൈപ്പറ്റിയതും കഴിഞ്ഞ ദിവസമാണ്. പേരും അഡ്രസും നോക്കാതെ രജിസ്റ്റേർഡ് തപാൽ അന്യ വ്യക്തിയുടെ കൈവശം ഏൽപ്പിച്ചത് വിലാസക്കാരനെത്തി സമീപത്തെ പച്ചക്കറിക്കടയിൽ നിന്നും കണ്ടെടുത്തത് മാസങ്ങൾക്ക് മുൻപാണ്. പോസ്റ്റൽ ഉരുപ്പടികൾ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളാൻ തപാൽ വകുപ്പ് ഇനിയും വൈകരുതെന്നാണ് ഉയരുന്ന ആക്ഷേപം.